ഹൈദരാബാദ്: നടി സമാന്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലിവർ ഡോക്ടർ എന്ന് അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്പ്. വൈറൽ അണുബാധകളെ ചികിത്സിക്കാൻ മരുന്നുകൾ എടുക്കുന്നതിന് മുൻപ് ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ ചെയ്യാൻ പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ വീഡിയോയ്ക്ക് എതിരെയാണ് ലിവർ ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്. താരം ആരോഗ്യ ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണെന്നും കർശന ശിക്ഷ നൽകണമെന്നുമാണ് ഡോക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു സിറിയക് എബി ഫിലിപ്പിന്റെ പ്രതികരണം.
ആരോഗ്യപരവും ശാസ്ത്രീയപരവുമായി നിരക്ഷരയായ നടിയാണ് സമാന്ത.സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന നടി അവരുടെ ഫോളോവർമാരോട് ശ്വാസകോശ സംബന്ധമായ വൈറൽ അണുബാധയെ തടയാൻ ഹൈഡ്രജൻ പെറോക്‌സൈഡ് ശ്വസിക്കാൻ നിർദേശിക്കുന്നു. ഹൈഡ്രജൻ പെറോക്‌സൈഡ് നെബുലൈസ് ചെയ്യരുതെന്നും ശ്വസിക്കരുതെന്നും അത് അപകടമാണെന്നും ശാസ്ത്ര സമൂഹവും ആസ്ത്മ ആൻഡ് അലർജി ഫൗണ്ടേഷൻ ഓഫ് അമേരിക്കയും ഉൾപ്പെടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ശാസ്ത്രപരമായി ഇത്രയും വികസിതമായ ഒരു സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇവരെ കർശനമായി ശിഷിക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
അതേസമയം, ഡോക്ടർക്ക് മറുപടിയുമായി സമാന്തയും രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് ഫലം കണ്ട ചികിത്സാരീതിയാണ് താൻ പങ്കുവച്ചതെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തുപോയെന്നുമാണ് സമാന്ത സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരിക്കുന്നത്. ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം തന്നിൽ ഫലം കണ്ട ചികിത്സാ രീതിയെ കുറിച്ചുള്ള ഇൻഫർമേഷനാണ് താൻ പങ്കു വച്ചത്. 25 വർഷമായി എംഒയിൽ സേവനമനുഷ്ടിച്ച ഉയർന്ന യോഗ്യതയുള്ള ഒരു എംഡിയാണ് ഈ ചികിത്സാ രീതി നിർദേശിച്ചതെന്നും താരം പറഞ്ഞു.
Discussion about this post