തൃശ്ശൂർ: കോർപ്പറേഷന്റെ വികസനത്തിനായി നൽകിയ മുഴുവൻ തുകയും വിനിയോഗിച്ച മേയർ എം.കെ വർഗീസിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേയറോട് ആദരവും സ്‌നേഹവുമാണ് തോന്നുന്നത്. ഇത് തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയറുടെ രാഷ്ട്രീയം പൂർണമായും വേറെയാണ്. എന്നിട്ടും ജനനന്മയ്ക്കായി താൻ നൽകിയ മുഴുവൻ ഫണ്ടും അദ്ദേഹം വിനിയോഗിച്ചു. അതിൽ സ്‌നേഹവും ആദരവും തോന്നുന്നു. ഇനിയും അത് തുടരും. അതിന് ആരും എതിര് നിൽക്കില്ല. മേയർക്കെതിരെ നിൽക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. അവരെ നിങ്ങൾ നേരിടണം. എന്നാൽ ശാരീരികമായി ആക്രമിക്കുക എന്നതല്ല അതിന്റെ അർത്ഥം. അക്രമം ജനാധിപത്യ രീതിയല്ല. ഒരു വിരൽ നിങ്ങൾ അനക്കുന്നുണ്ടെങ്കിൽ അത് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയായിരിക്കണം എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വികസന പദ്ധതികളെക്കുറിച്ച് എംപിയാകുന്നതിന് മുൻപ് തന്നെ ചർച്ച ചെയ്തിരുന്നു. അനുവദിച്ചാൽ വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റം സ്പ്രിംഗ്‌ളർ വയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിന്റെ വികസനത്തിനായി വലിയ പദ്ധതികളാണ് സുരേഷ് ഗോപിയ്ക്കുള്ളത് എന്ന് മേയറും പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ ജനങ്ങൾ വിജയിപ്പിച്ചത്. മന്ത്രിയായ ശേഷം ആദ്യമായിട്ടാണ് സുരേഷ് ഗോപി കോർപറേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നത്. തൃശ്ശൂരിനും കേരളത്തിനുമായി കൂടുതൽ പദ്ധതികൾ കൊണ്ടുവരണം എന്നും മേയർ കൂട്ടിച്ചേർത്തു.
Discussion about this post