പാലക്കാട്: പ്രമുഖ ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോയ്ക്ക് രൂക്ഷ വിമർശനം. പാമ്പിനെ കറിവച്ച് കഴിക്കുന്ന വീഡിയോയ്ക്കാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് പാമ്പിനെ കഴിക്കുന്ന വീഡിയോ ഫിറോസ് ചുട്ടിപ്പാറ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.
വിയറ്റ്‌നാമിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അവിടുത്തെ പാമ്പ് മാർക്കറ്റിൽ നിന്നും രണ്ട് ജീവനുള്ള പാമ്പുകളെ കൊന്ന് കറിവയ്ക്കുകയായിരുന്നു. വിഷമുള്ള പാമ്പിനെ ആയിരുന്നു അദ്ദേഹം കറിവയ്ക്കാനായി വാങ്ങിയത്. എലി, കോഴി, കൊറ്റി തുടങ്ങി മറ്റ് ജീവികളും പാമ്പിനെ വാങ്ങിയ കടയിൽ വിൽക്കാൻ വച്ചിരുന്നു.
പ്രദേശവാസിയായ സ്ത്രീയാണ് പാമ്പിനെ കൊന്ന് കറിവയ്ക്കാനായി വൃത്തിയാക്കി നൽകിയത്. ശേഷം പാകം ചെയ്യുകയായിരുന്നു. പാകമായ പാമ്പ് കറി അദ്ദേഹം എല്ലാവരുടെയും പാത്രങ്ങളിൽ വിളമ്പി. കൂടെയുണ്ടായിരുന്ന വിയറ്റ്‌നാമികൾ പാമ്പിൻ കറി ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിൽ കാണാം. 11 സെക്കന്റ് ദൈർഘ്യമേറിയ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വന്നത്. അറപ്പുളവാക്കും വിധമാണ് വീഡിയോ എന്നായിരുന്നു പ്രധാനവിമർശനം. നേരത്തെയും അദ്ദേഹം പങ്കുവച്ച വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വിമർശമത്തിന് കാരണം ആയിരുന്നു. മയിലിനെ കറിവച്ച് കഴിക്കാൻ പോകുന്നു എന്ന തരത്തിൽ അദ്ദേഹം വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ രൂക്ഷ വിമർശനം ഉയർന്നതോടെ പിന്നീട് ഈ ഉദ്യമത്തിൽ നിന്നും പിന്മാറുകയായിരുന്നു.
വിയറ്റ്‌നാമിൽ പാമ്പുകളെ കറിവച്ച് കഴിക്കാറുണ്ട്. ഇതേ തുടർന്നാണ് അദ്ദേഹം വീഡിയോ ചിത്രീകരിക്കാൻ വിയറ്റ്‌നാമിൽ എത്തിയത്.
Discussion about this post