കേന്ദ്രത്തിലെ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് ഇനി മുതല്‍ രാജ്യത്തെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഇതേപ്പറ്റിയുള്ള ഉത്തരവില്‍ ഒപ്പിട്ടു.
ഈ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കമ്പ്യൂട്ടറുകളിലെയും ഡാറ്റ നിരീക്ഷിക്കാനും അത് ഡീക്രിപ്റ്റ് ചെയ്യാനുള്ള അധികാരം രാജ്യത്തെ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്സ് വിഭാഗം, എന്‍ഫോഴ്സ്മെന്റ് വകുപ്പ്, ഡയറക്ട് ടാക്സ് വിഭാഗം, റവന്യു ഇന്റലിജന്‍സ്, സി.ബി.ഐ, എന്‍.ഐ.എ, ആര്.എ.ഡബ്ല്യു, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഡാറ്റ നിരീക്ഷിക്കാനുള്ള അധികാരം നല്‍കിയിട്ടുള്ളത്.
ഈ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കമ്പ്യൂട്ടറിലെയും മൊബൈലിലെയും ഡാറ്റകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാകും. ഇതിന് മുന്‍പ് രാജ്യത്തെ ഫോണ്‍ കോളുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് ശേഷം നിരീക്ഷിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു.
നിലവിലെ ഉത്തരവ് പുറപ്പെടുവിച്ചത് 2000ത്തിലെ ഐ.ടി ആക്റ്റ് പ്രകാരവും 2009ലെ ഐ.ടി റൂളുകള്‍ പ്രകാരവുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post