കുംഭ മേളയില്‍ ഇത്തവണയും വന്നിരിക്കുകയാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ശരഭംഗ് ഗിരി എന്ന സാധു. മുന്‍പ് നിരീശ്വരവാദിയായിരുന്നു ശരഭംഗ് ഗിരി പിന്നീട് ഹിന്ദു മതം സ്വീകരിച്ചതിന് ശേഷം ഒരു സാധുവിന്റെ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയിലെ മറ്റ് സാധുക്കളുടെ ഒപ്പമാണ് ഇദ്ദേഹം കുംഭ മേളയില്‍ പങ്കെടുത്തത്. പ്രശസ്തമായ ജുനാ അഖാഡയുടെ ഭാഗമാണ് ശരഭംഗ് ഗിരി.
1998ലാണ് താന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചതെന്ന് ശരഭംഗ് ഗിരി പറഞ്ഞു. അന്ന് ഗുജറാത്തിലെ ഗിര്‍നാര്‍ പര്‍വ്വതം താന്‍ സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സന്ദര്‍ശനം തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചുവെന്നും അതിന് ശേഷമാണ് താന്‍ ഹിന്ദു മതം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗിര്‍നാര്‍ പര്‍വ്വതത്തില്‍ വെച്ചായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ ഗുരുവായ ദത്താത്രേയയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹം തന്റെ പേര് ശരഭംഗ് ഗിരിയായി മാറ്റുകയായിരുന്നു. രാമായണത്തില്‍ ശ്രീരാമ ഭഗവാന് ദണ്ഡകാരണ്യം സന്ദര്‍ശിക്കുമ്പോള്‍ പരിചയപ്പെട്ട സാധുവിന്റെ പേരാണ് ശരഭംഗ്.
ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് തനിക്ക് യോഗ അറിയാമായിരുന്നുവെന്നും ഇന്ത്യയില്‍ വന്നതിന് ശേഷമാണ് ഹൈന്ദവ മതത്തെപ്പറ്റി അറിയാന്‍ സാധിച്ചതെന്നും ശരഭംഗ് ഗിരി വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയില്‍ മെല്‍ബണിലാണ് ശരഭംഗ് ഗിരി താമസിക്കുന്നത്. അവിടെ അദ്ദേഹം അധികം സഞ്ചരിക്കാറില്ലെന്നും ഇന്ത്യയിലെത്തിയാല്‍ വിവിധയിടങ്ങളിലേക്ക് താന്‍ സഞ്ചരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ രുദ്രപ്രയാഗിലുള്ള തന്റെ ഗുരുവിന്റെ ആശ്രമത്തിലാണ് താന്‍ കുറച്ചധികം സമയം ചിലവഴിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post