പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് ബന്ധം മോശമാകുന്ന വേളയില്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രംഗത്ത്. പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേലിന് താല്പര്യമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മുഷറഫ് പറഞ്ഞു. 2005ല്‍ താന്‍ തുര്‍ക്കിയുടെ സഹായത്തോട് കൂടി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചത് മുഷറഫ് ചൂണ്ടിക്കാട്ടി. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പാക്കിസ്ഥാനിലുള്ള അവസ്ഥ തന്റെ തിരിച്ച് വരവിന് അനുയോജ്യമാണെന്നും മുഷറഫ് അഭിപ്രായപ്പെട്ടു. താന്‍ പ്രസിഡന്റായിരുന്നു സമയത്ത് മന്ത്രിമാരായിരുന്നവരില്‍ പലരും ഇപ്പോഴും കാബിനറ്റിലുണ്ടെന്ന് മുഷറഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവര്‍ തന്റെ അഭിപ്രായങ്ങളോട് യോജിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും മുഷറഫ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്താന്‍ സാധിക്കുമെന്നും ഇതിനെതിരെ പാക്കിസ്ഥാന് തിരിച്ചടിക്കാന്‍ തയ്യാറായിരിക്കണമെന്നും മുഷറഫ് പറഞ്ഞു. അതേസമയം ആണവ യുദ്ധത്തെപ്പറ്റിയുള്ള സാധ്യതയും മുഷറഫ് പങ്കുവെച്ചു. 20 ആണവ ബോംബുകള്‍ ഇട്ടുകൊണ്ട് പാക്കിസ്ഥാനെ വേണമെങ്കില്‍ ഇന്ത്യയ്ക്ക് തകര്‍ക്കാമെന്നും അതുകൊണ്ട് 50 ആണവ ബോംബുകള്‍ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് നേരെ തൊടുത്തു വിടേണ്ടി വരുമെന്നും മുഷറഫ് പറഞ്ഞു. എന്നാല്‍ ആണവ യുദ്ധമെന്നത് ഗൗരവമേറിയ വിഷയമാണെന്നും അത് കഴിവതും ഒഴിവാക്കണമെന്നും മുഷറഫ് അഭിപ്രായപ്പെട്ടു.
Discussion about this post