സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ മുന്‍കാലങ്ങളില്‍ പുലര്‍ത്തിയിരുന്ന രഹസ്യധാരണ വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെ പരസ്യമായി പുറത്ത് വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എം.ടി രമേശ്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പരം സഹായിക്കാനുള്ള ധാരണ ഇരുപാര്‍ട്ടികളുടേയും കേന്ദ്രനേതാക്കള്‍ തമ്മിലുണ്ടാക്കിയിരിക്കുകയാണ്.ബിജെപിയ്ക്ക് പിണറായിയിലൂടെ മറുപടി പറയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം . സ്വതന്ത്ര്യസമരത്തെ പിന്നില്‍ നിന്നും കുത്തിയത് ആരാണെന്ന് സിപിഎമ്മില്‍ നിന്നും പഠിയ്ക്കേണ്ട കാര്യം ബിജെപിയ്ക്കില്ല. പിണറായി സ്വയം പഠിച്ചാല്‍ മതി , അമിത്ഷാ യെ പഠിപ്പിക്കേണ്ട.
മുസ്ലീം ലീഗിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ഹാലിളകുന്നത് എന്തിനാണ് ? ലീഗിന്റെ കൊടിയും ചിഹ്നവും ഉത്തരേന്ത്യക്കാര്‍ക്ക് വിഭജനക്കാലത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത് . അങ്ങനെ തോന്നുന്നതില്‍ അവരെ കുറ്റം പറയാനാവില്ല . ലീഗിന്റെ കൊടിയിലെ മതചിഹ്നം ഉപേക്ഷിക്കണമെന്ന് പറയാന്‍ സിപിഎം തയ്യാര്‍ ആകുമോ ? ഒരു പാര്‍ട്ടി പരസ്യമായി മതചിഹ്നം ഉപയോഗിച്ചിട്ടും അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എന്താണ് മൗനം പാലിക്കുന്നത് ?.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വഴി രാഹുല്‍ മുസ്ലിം ലീഗിന്റെ ചിറകിനടിയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത് . ഇത് ആത്മഹത്യാപരമാണ് , കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. ഇത് പറയുമ്പോള്‍ വയനാട്ടില്‍ അപമാനിക്കുകയാണ് എന്ന് പറയുന്നതില്‍ എന്താണ് കാര്യം ? രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തയ്യാറാകണം .
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് എകപക്ഷീയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് . സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ മൂന്ന് മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തണം എന്നാണു പുതിയ നിര്‍ദ്ദേശം . ഏഷ്യാനെറ്റ് , മനോരമ , കൈരളി എന്നീ ചാനലുകളും , മനോരമ , മാതൃഭൂമി , ദേശാഭിമാനി എന്നീ പത്രങ്ങളിലും പ്രസിദ്ധീകരിക്കണം എന്നാണു നിര്‍ദേശം വന്നിരിക്കുന്നത് . മാധ്യമങ്ങളെ തെരഞ്ഞെടുത്തത്തിന്റെ മാനദണ്ഡം എന്താണ് ? സിപിഎമ്മിന്റെ പത്രത്തിലും ചാനലിലും പ്രസിദ്ധീകരിക്കുന്നതിന്റെ വിശ്വാസ്യത എന്താണ് ? ഇത്തരം നീക്കങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അവസാനിപ്പിച്ചില്ല എങ്കില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും എം.ടി രമേശ് പറഞ്ഞു .
Discussion about this post