ആലപ്പുഴ മണ്ഡലത്തില്‍ എന്ത് കൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെടണമെന്നതിന് കാരണം നിരത്തി ഫേസ്ബുക്കില്‍ യുവതി എഴുതിയ പോസ്റ്റ് വൈറലാവുന്നു. അടിയന്തരവാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസുകാരനായിരിക്കെ പോരാടിയതും, പിഎസ് സി ചെയര്‍മാനായിരിക്കെ കൊണ്ടു വന്ന വിപ്ലവകരമായ മാറ്റങ്ങളും, ഒരു ഗുരുനാഥന് എന്ന നിലയിലെ ബഹുമാന്യതയും ഓര്‍മ്മിപ്പിക്കുന്നതാണ് കുറിപ്പ്-
ആലപ്പുഴ നഗരസഭ ഭരിച്ചിട്ടുള്ള ഷാനിമോള്‍ ഉസ്മാനും അരൂര്‍ മണ്ഡലത്തിന്റെ എം എല്‍ എ തന്നെയായ എ എം ആരിഫും ഇത്രയും കാലത്തെ പൊതുജീവിതത്തിനിടയില്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ എന്തുചെയ്തു എന്ന് ചോദിച്ചാല്‍ അവിടെ സമരം വിളിച്ചു, ഇവിടെ ജാഥ നയിച്ചു, രാഹുല്‍ ഗാന്ധിയുടെ പിറകേ നടന്നു എന്നൊക്കെയല്ലാതെ എന്ത് മറുപടിയാണ് നിങ്ങള്‍ക്ക് ലഭിയ്ക്കുക?
ഇതില്‍ ഷാനിമോള്‍ ഉസ്മാന് എന്ന കഥാപാത്രത്തെപ്പറ്റി അല്‍പ്പം കൂടുതല്‍ പറയേണ്ടതുണ്ട്. കോണ്‍ഗ്രസ്സ് നേതാവായ കെ സി വേണുഗോപാല്‍ കഴിഞ്ഞ തവണ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചപ്പോള്‍ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകള്‍ മറിച്ച് എതിര് സ്ഥാനാര്‍ത്ഥിയ്ക്ക് നല്കി വേണുഗോപാലിനെ പിന്നില്‍നിന്ന് കുത്തിയെന്ന് ആരോപണമുയര്‍ന്ന കഥ അധികമാരും മറക്കാനിടയില്ല. ഷാനിമോള്‍ ഉസ്മാന് തിരഞ്ഞെടുപ്പുകളില്‍ ഇന്നുവരെ ജയിച്ചിട്ടില്ലെങ്കിലും മറ്റുള്ളവരെ ജയിപ്പിക്കാതിരിയ്ക്കാന് മിടുക്കിയാണെന്ന് ഇതില്‍ നിന്ന് തെളിയുന്നുണ്ട്.
ആലപ്പുഴ നഗരസഭ ഇന്നും ഗതികെട്ട് അഴുക്കുചാലുകള്‍ നിറഞ്ഞ് കിടക്കുന്നു. അരൂര്‍ മണ്ഡലം സാക്ഷാല്‍ ഗൗരിയമ്മയെ മലര്‍ത്തിയടിച്ച് ജയിച്ച ആരിഫ് എം എല്‍ എ ആയിരിയ്ക്കുന്ന അരൂരില്‍ എല്ലായിടത്തും വൈദ്യുതിയെത്താന്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന പദ്ധതിയെത്തേണ്ടി വന്നു.
വികസനമുരടിപ്പിന്റേയും കെടുകാര്യസ്ഥതയുടേയും മുകളിലാണീ പ്രദേശങ്ങള്‍. ഇവരാണോ നിങ്ങളുടെ മുന്നില്‍ തങ്ങളെ ഇനി എം പി ആക്കൂ എന്ന് വോട്ടുചോദിച്ച് വന്ന് നില്‍ക്കുന്നത്? ജയിച്ചാല്‍ എം പി ഫണ്ട് ഉപയോഗിച്ച് ആര്ക്കുമുപയോഗമില്ലാത്ത കുറച്ച് ബസുകാത്തുനില്പ്പുകേന്ദ്രങ്ങള് നാലുതൂണില് ഉണ്ടാക്കിവച്ചിട്ട് അന്‍പത് ലക്ഷം രൂപ എഴുതിയെടുക്കുന്നതിലപ്പുറം ഒരു വികസനവും ഈ ഇരുവരും എം പീ മാരായാല് ആലപ്പുഴക്കാര്‍ക്ക് ലഭിക്കും എന്ന് കരുതണ്ട.
അതേ സമയം തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണ് കെ എസ് രാധാകൃഷ്ണന്. മീന്‍ പിടിച്ചും കൂലിപ്പണി ചെയ്തും കൂട്ടിവച്ച ചില്ലറത്തുട്ടുകള്‍ കൊണ്ട് പഠിച്ചും പണിയെടുത്തും വിയര്‍ത്തും വിശന്നും ഉയര്‍ന്ന ഒരു ചെറുപ്പക്കാരന്. എവിടെയായാലും സത്യത്തോടൊപ്പമെന്ന മനസ്സുമായി ജീവിച്ച, കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നുകൊണ്ടുതന്നെ അടിയന്തിരാവസ്ഥയ്ക്കെതിരേ ശക്തമായ സമരം നയിച്ച ഉശിരന്‍ വിദ്യാര്‍ത്ഥിനേതാവ്.
എഞ്ചിനീയറാകാന്‍ മോഹിച്ചെങ്കിലും അച്ഛന്റെ മരണം ഒറ്റയ്ക്കാക്കിയ കുടുംബഭാരത്തിന്റെ യാത്രയില്‍ വഴിതിരിഞ്ഞ് തത്വശാസ്ത്രം പഠിച്ച ശാസ്ത്രചിന്തകന്.
മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും തത്വചിന്തയുടെയും അതിരുകളില്ലാത്ത ചിന്താലോകത്ത് സ്വന്തമായ ഇരിപ്പിടം കണ്ടെത്തിയ വൈജ്ഞാനികന്. കോളേജ് ലക്ചറര്‍ ആയും പ്രൊഫസര്‍ ആയും വൈസ് ചാന്‍സലര്‍ ആയും കവിയായും പ്രഭാഷകനായും എഴുത്തുകാരനായും ലോകമറിയപ്പെടുന്ന ചിന്തകനായും പിഎസ്സി ചെയര്‍മാനായും ഒക്കെ എത്തിയടത്തെല്ലാം സ്വന്തം കൈമുദ്ര പതിപ്പിച്ച് താന്‍ തൊട്ടുണര്‍ത്തിയ ജീവിതങ്ങളിലെല്ലാം ധനാത്മകതയുടെ വിത്ത് വിതച്ച ആചാര്യന്.
ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടില്‍ വെളിച്ചമായെത്തിയ ഗുരുനാഥന്.
‘നിങ്ങള്‍ക്ക് വിശപ്പെന്നാല്‍ മാറ്റിവച്ച ഒരു നേരത്തെ ഭക്ഷണമായിരിക്കാം. എനിയ്ക്ക് വിശപ്പെന്നാല്‍ ഭക്ഷണം കിട്ടാതെ മരിയ്ക്കാനുള്ള സാദ്ധ്യതയായിരുന്നു’ എന്നാണ് ദുരിതവും പട്ടിണിയും നിറഞ്ഞ തന്റെ ഭൂതകാലത്തെപ്പറ്റി അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനോട് പറഞ്ഞത്.
പട്ടിണികിടന്ന് മരിച്ചുപോകാനുള്ള സാദ്ധ്യതയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് മാത്രം പഠിച്ചുയര്‍ന്ന് ലോകത്തിന്റെ നെറുകയിലെത്തിയ ആളാണ് ഈ ആചാര്യന്.
പിഎസ്സി ചെയര്‍മാനായിരുന്ന കാലത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. അദ്ദേഹം ചെയര്മാനായിരിയ്ക്കുമ്പോള് പി എസ് സി വിജ്ഞാപനങ്ങളില്‍ റെക്കോഡായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ത്തന്നെ ഓണ്‍ലൈന്‍ പി എസ് സി പരീക്ഷനടത്തിപ്പിനുള്ള തുടക്കമിട്ടത് അദ്ദേഹം ചെയര്‍മാനായിരുന്ന സമയത്താണ്. ഒറ്റയടിക്ക് നാലു ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളാണ് അന്ന് തുറന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മലയോരമേഖലയിലുള്ളവര്ക്കായി പത്തനംതിട്ട എന്നീ സെന്ററുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങി പി എസ് സി പരീക്ഷാനടത്തിപ്പ് എളുപ്പമാക്കിയ ചെയര്‍മാനായിരുന്നു അദ്ദേഹം. ഇരുനൂറു രൂപ ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് ചിലവുണ്ടായിരുന്ന പി എസ് സീ പരീക്ഷാച്ചിലവ് അങ്ങനെ ഒന്‍പത് രൂപാ മാത്രമായി കുറഞ്ഞു.
ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിന് ആയിരത്തിലധികം കേസുകളാണ് അദ്ദേഹത്തിനെതിരേ പിണറായിപ്പോലീസ് എടുത്തിരിയ്ക്കുന്നത്. തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തെ ഭീതിപ്പെടുത്താന്‍ ഇതൊന്നും മതിയാവില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയ്ക്കെതിരേ പടപൊരുതിയ പഴയ വിപ്ലവകാരിയായ കോണ്ഗ്രസ്സുകാരന് ഇതൊന്നും പുതുമയല്ല താനും. വിശ്വാസികള്‍ക്കൊപ്പം നിന്നതിനു മരിയ്ക്കാന്‍ പോലും തയ്യാറാണെന്ന് കെ എസ് ആര് പറയുമ്പോള്‍ ആലപ്പുഴ മണ്ഡലത്തിന്റെ മുന്നില്‍ മറ്റൊരു തിരഞ്ഞെടുക്കലിന്റെ ആവശ്യമില്ല. അയ്യപ്പന് പഠിച്ച ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്റെ ഉടവാള് കുടികൊള്ളുന്ന ആലപ്പുഴയില്‍ അയ്യപ്പനൊപ്പം നില്ക്കുന്നവര് തന്നെയല്ലേ ഇത്തവണ ജയിക്കേണ്ടത്?
പ്രൊഫസര്‍ ആയിരിയ്ക്കുമ്പോഴും, അദ്ധ്യാപകന് ആയിരിയ്ക്കുമ്പോഴും, ഗവേഷകന് ആയിരിയ്ക്കുമ്പോഴും, പി എസ് സി ചെയര്മാന് ആയിരിയ്ക്കുമ്പോഴും എല്ലാം എത്തിയടത്ത് 100% വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ എസ് രാധാകൃഷ്ണന് നിങ്ങളുടെ എം പി ആയിവേണോ അതോ രാഷ്ട്രീയവിഴുപ്പലക്കലുകളുടേയും കെടുകാര്യസ്ഥതയുടേയും വിശ്വാസികളെ അടിച്ചമര്‍ത്തുന്നതിന്റേയും ജീവിയ്ക്കുന്ന തെളിവുകള്‍ എം പി ആകണോ എന്ന് നിങ്ങള്‍ തീരുമാനിയ്ക്കുക.
തീരുമാനം ആലപ്പുഴക്കാരുടേതാണ്. വിശ്വാസം നിലനിര്‍ത്താനും വികസനം കൊണ്ടുവരാനും ഡോക്ടര്‍ കെ എസ് രാധാകൃഷ്ണനെ വിജയിപ്പിക്കുക.കിഴക്കിന്റെ വെനീസിനെ പഴയകാലപ്രൌഢിയിലേക്ക് തിരികെക്കൊണ്ടുവരാന്‍ അദ്ദേഹത്തിനാവും.
https://www.facebook.com/photo.php?fbid=10206019585005772&set=a.4025031481253&type=3&theater
Discussion about this post