വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസിയിൽ. ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിക്കും.
‘ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ടവരെയും ബിജെപി കുടുംബവുമായി ബന്ധിപ്പിക്കും. ഇത് പാർട്ടിയെ ശക്തിപ്പെടുത്തും. ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ ബിജെപിയുടെ അംഗത്വ വിതരണം ആരംഭിക്കും. കാശിയിൽ ഞാൻ ഈ പരിപാടിയുടെ ഭാഗമാകും.’ പ്രധാനമന്ത്രി പറഞ്ഞു.
പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം അദ്ദേഹം മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. വനവത്കരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തുന്നത്. തന്റെ സർക്കാരിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിക്കാൻ അദ്ദേഹം മെയ് 27ന് ഇവിടെ എത്തിയിരുന്നു.
ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണ്ണർ രാം നായിക് എന്നിവർ ചേർന്ന് പ്രധനമന്ത്രിയെ വാരാണസി വിമാനത്താവളത്തിൽ സ്വീകരിക്കും.
ആഗ്സ്റ്റ് 11ന് അവസാനിക്കുന്ന അംഗത്വ വിതരണ പരിപാടിയിലൂടെ ചുരുങ്ങിയത് ഇരുപത് ശതമാനം പുതിയ പ്രവർത്തകരെയെങ്കിലും പാർട്ടിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി വൈസ് പ്രസിഡന്റ് ശിവരാജ്സിംഗ് ചൗഹാൻ അറിയിച്ചു.
ജയ്പുരിലെ ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയിൽ പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും. ഹൈദരാബാദിലെ പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നാഗ്പുരിലെ അംഗത്വ വിതരണ പരിപാടിയിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുക്കും.
Discussion about this post