റാഞ്ചി : നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്ന ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖിന്റെയും വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലത്തിന്റെയും അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. ജാർഖണ്ഡിലെ ഒയാസിസ് സ്കൂളിൽ നിന്നും ആണ് ചോദ്യപേപ്പർ ചോർന്നത് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള ഒയാസിസ് സ്‌കൂളിൽ നിന്നാണ് കുപ്രസിദ്ധ കുറ്റവാളി സഞ്ജീവ് കുമാർ എന്ന ലൂതൻ മുഖിയയുടെ സംഘം നീറ്റ്-യുജി ചോദ്യപേപ്പർ ചോർത്തിയത്. ചോദ്യപേപ്പർ ബോക്സുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കൃത്യമായി പാലിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓട്ടോമാറ്റിക്കായി അൺലോക്ക് ചെയ്യപ്പെടേണ്ട ഡിജിറ്റൽ ലോക്ക് തകരാറിലായതിനാൽ ചോദ്യപേപ്പറുകളടങ്ങിയ പെട്ടി കട്ടർ ഉപയോഗിച്ച് തുറക്കേണ്ടി വന്നു എന്നായിരുന്നു ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് സംശയമുയർന്ന ആദ്യഘട്ടത്തിൽ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്.
നീറ്റ് പോലെയുള്ള പ്രാധാന്യമുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകൾ അടങ്ങിയ ബോക്സുകൾക്ക് രണ്ട് ലോക്കുകളാണ് ഉള്ളത്. മാനുവൽ ആയി തുറക്കാൻ കഴിയുന്ന ഒരു താക്കോലും കൂടാതെ പരീക്ഷയ്ക്ക് 45 മിനിറ്റ് മുമ്പ് ബീപ്പോടെ തുറക്കുന്ന ഡിജിറ്റൽ ലോക്കുമാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന പെട്ടിക്ക് ഉണ്ടാവുക. എന്നാൽ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലെ ചോദ്യപേപ്പർ ബോക്സിന്റെ ലോക്ക് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ നിലയിലായിരുന്നു. ഡിജിറ്റൽ ലോക്കിൽ തകരാർ ഉണ്ടായതിനെ തുടർന്ന് എൻടിഎയിൽ നിന്നും അനുവാദം വാങ്ങിയാണ് ചോദ്യപേപ്പർ ബോക്സ് തുറന്നത് എന്നായിരുന്നു ഇക്കാര്യത്തിൽ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖ് ആദ്യം പറഞ്ഞിരുന്നത്. രണ്ടുദിവസമായി സിബിഐ കസ്റ്റഡിയിലുള്ള പ്രിൻസിപ്പാളിന്റെയും വൈസ് പ്രിൻസിപ്പാളിന്റെയും അറസ്റ്റ് വെള്ളിയാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്.
Discussion about this post