ആഗ്ര: അഖില ഭാരതീയ സാമാജിക് സദ്ഭാവ് വാർഷിക യോഗത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത് വൃന്ദാവനിലെത്തി. കഴിഞ്ഞ ദിവസം വാത്സല്യ ഗ്രാമത്തിലെത്തിയ അദ്ദേഹം ഇന്നും നാളെയുമായി നടക്കുന്ന പരിപാടികളിൽ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തും.
ആർ എസ് എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി, സഹ സർകാര്യവാഹക് ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. ജാതീയതക്ക് അതീതമായ ഹൈന്ദവ ഏകീകരണമാണ് യോഗത്തിന്റെ പ്രധാന അജണ്ട. സാമുദായിക മൈത്രി, സമാജ സുരക്ഷ, മതബോധം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തും. ഇരുനൂറോളം ഭാരവാഹികളെ മോഹൻ ഭാഗവത് യോഗത്തിൽ അഭിസംബോധന ചെയ്യും.
ഹിന്ദുത്വം എന്ന ആശയത്തെ സമൂഹത്തിന്റെ വിഭിന്ന മേഖലകളുമായി ബന്ധിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്യും. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാൻ യോഗത്തിൽ നടപടികളുണ്ടാകും. ജാതീയവാദത്തെ ശക്തമായി എതിർക്കുവാനും ഹൈന്ദവ ഏകീകരണം സാദ്ധ്യമാക്കാനുമുള്ള തീരുമാനത്തിന്റെ ഫലപ്രാപ്തിയും വിശദീകരിക്കും.
തുടർന്ന് ഞായറാഴ്ച വൃന്ദാവനത്തിലെ സുദാമ ആശ്രമത്തിൽ നടക്കുന്ന് സന്യാസിവര്യന്മാരുടെ യോഗത്തിൽ പങ്കെടുക്കുന്ന മോഹൻ ഭാഗവത് ആശ്രമാധിപതി മഹന്ത് സുദീക്ഷ്ണ ദാസുമായി കൂടിക്കാഴ്ച്ച നടത്തും. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവും ചർച്ച ചെയ്യും.
Discussion about this post