കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് കവളപ്പാറയിലെ ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹം കവളപ്പാറയിലെത്തുക. മണ്ണിനടിയിൽ പെട്ട് കാണാതായ സൈനികന്റെ കുടുംബത്തെയും കേന്ദ്ര മന്ത്രി കാണും.
അതേസമയം കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ഒരാഴ്ച പിന്നിടുകയാണ്. ഇന്നലെ 3 മൃതദേഹങ്ങൾ കൂടി പുറത്തെടുത്തതോടെ ആകെ കണ്ടെടുത്തവരുടെ എണ്ണം 33 ആയി. ഇനി 26 പേരെ കൂടി കണ്ടെത്താനുണ്ട്. ഇപ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലാണെങ്കിലും എല്ലാവരെയും തിരിച്ചറിയാനായി . കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നും കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ.
വയനാട് പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും ഇന്നും തുടരുകയാണ്. ഇതിനകം പ്രദേശത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് ഏഴു പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Discussion about this post