കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുവെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച വിലയിരുത്തല്‍ പങ്കുവെച്ചിട്ടുള്ളത്.
ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തര്‍ക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു.
ജൂലായില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് 7.3 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകള്‍ ആദ്യ പാദത്തില്‍തന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളര്‍ച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളര്‍ച്ച 2020ല്‍ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം.
നടപ്പുവര്‍ഷം ആഗോള വളര്‍ച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. 2008ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളര്‍ച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി. അതേസമയം, 2020ല്‍ ആഗോളവളര്‍ച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്.
Discussion about this post