ഹൈദരാബാദ്: ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഇന്ത്യന്‍ താരം സൈന നെഹ് വാള് വീണ്ടും ഒന്നാം സ്ഥാനത്തേക്ക്. ലോകചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്പെയിനിന്റെ കരോളിന മാരിനോടു തോറ്റെങ്കിലും മാരിനെ തന്നെ പിന്തള്ളിയാണ് സൈന ഒന്നാം നമ്പറിലെത്തുക. ലോക ബാഡ്മിന്റണ്‍ ചാംപ്യനായെങ്കിലും കിരീടനേട്ടം മാരിന്റെ പോയിന്റ് നിലയില്‍ വ്യത്യാസമൊന്നും വരുത്തില്ല. 80,612 പോയിന്റാണ് സ്പാനിഷ് താരത്തിനുള്ളത്.
അതേസമയം സൈന ഇത്തവണത്തെ വെള്ളി നേട്ടത്തോടെ 3,600 പോയിന്റുകൂടി അധികം സ്വന്തമാക്കി. അതോടെ സൈനയുടെ ആകെ പോയിന്റ് നില 82,792 ആയി ഉയരുകയും വീണ്ടും ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യും.
ഈ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് സൈന കരിയറിലാദ്യമായി ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. അഞ്ചാഴ്ചയോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന സൈന ഇത്തവണ കൂടുതല്‍ കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, ആദ്യമായി ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന സൈന ചരിത്രം കുറിച്ചിരുന്നു.
Discussion about this post