തിരുവനന്തപുരം: നാലുവര്‍ഷമാണ് അനുവദിച്ചിരിക്കുന്നതെങ്കിലും 1000 ദിവസങ്ങള്‍ക്കുള്ളില്‍ വിഴിഞ്ഞം തുറമുഖനിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദാനി പോര്‍ട്സ് ഉടമ ഗൗതം അദാനി അറിയിച്ചു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ നിര്‍മാണം തുടങ്ങും. ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലായി വിഴിഞ്ഞത്തെ മാറ്റും. ഇതിലൂടെ കേരളത്തിന് മാത്രമല്ല, രാജ്യത്തിനും അഭിമാനിക്കാമെന്നും കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ടെന്‍ഡര്‍ നടപടികളില്‍ അവസാനം ഒരു കമ്പനി മാത്രം അവശേഷിച്ചിട്ടും കരാര്‍ നല്കാന് കാണിച്ച ധൈര്യത്തിന് സംസ്ഥാന സര്‍ക്കാരിനെ അദാനി അഭിനന്ദിച്ചു. യാഥാര്‍ത്ഥ്യമാകാന്‍ 25 വര്‍ഷമെടുത്ത ഈ പദ്ധതിക്ക് ടെന്‍ഡര്‍ നല്കാന് ആലോചിച്ചപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തി. പ്രകൃതിദത്തമായ ഗുണങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ നിര്‍മാണത്തിനെതിരായ ഭൂപരമായ ഘടകങ്ങളും വിഴിഞ്ഞത്തുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ട ആദ്യവട്ടംതന്നെ പദ്ധതി നടക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധവും പൂര്‍ണമായ സമര്‍പ്പണവും തനിക്ക് ബോധ്യപ്പെട്ടു.
നിലവില്‍ കൊളംേബാ, ദുബായ്, സലാല, സിംഗപ്പുര്‍ തുറമുഖങ്ങളാണ് ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത്. ഈ സ്ഥിതി മാറി ഇന്ത്യ പ്രധാന ഹബ് ആയി മാറണം. മുഖ്യമന്ത്രിയുടെ ഈ നിര്‍ബന്ധബുദ്ധി മാറിച്ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. മന്ത്രി കെ.ബാബു, ശശി തരൂര്‍ എം.പി., കെ.വി.തോമസ് എം.പി., ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ പങ്കും നിര്‍ണായകമാണ് എന്നും അദാനി പറഞ്ഞു.
അദാനി ഗ്രൂപ്പ് തുറമുഖം നിര്‍മിക്കുന്നത് ആവശ്യകത സൃഷ്ടിക്കാനാണ്. അല്ലാതെ ആവശ്യകതയ്ക്ക് വേണ്ടിയല്ല. ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുനല്‍കും. വിഴിഞ്ഞത്തെ പ്രകൃതിസന്തുലനം നിലനിര്‍ത്തും. ഒഡിഷയിലെ ധര്‍മ്മ തുറമുഖ നിര്‍മാണം വെല്ലുവിളിയായി ഏറ്റെടുത്ത മുന്‍ ഐ.എ.എസ്. ഓഫീസര്‍ സന്തോഷ്കുമാര്‍ മഹാപത്രയ്ക്കാണ് ഇവിടെയും ചുമതല.
നാട്ടുകാരെ തൊഴില്സേനയാക്കുന്നതാണ് ഉചിതമെന്നാണ് തങ്ങളുടെ അനുഭവം. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനുവേണ്ട സാങ്കേതികപരിശീലനം നല്കി അവര്‍ക്ക് മുന്‍ഗണന നല്‍കും. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതിന്റെ പ്രയോജനം കിട്ടും.
കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കുന്നത് തുറമുഖത്തിന്റെ വിജയത്തിന് അനിവാര്യമാണ്. വിദേശ കപ്പലുകള്‍ക്ക് യഥേഷ്ടം അടുക്കാനാകണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. രാജ്യത്തിന്റെ ആവശ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഊര്‍ജം, ഖനനം, തുറമുഖം എന്നിങ്ങനെയുള്ള വ്യവസായമാണ് അദാനി ഗ്രൂപ്പ് ചെയ്യുന്നത്. . ഗുജറാത്തിലാണ് തങ്ങളുടെ ആസ്ഥാനമെങ്കിലും മിക്ക സംസ്ഥാനത്തും ബിസിനസ്സുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും പിന്തുണയോടെയേ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം അറിയിച്ചു.
വ്യത്യസ്തതയ്ക്കുവേണ്ടിയാണ് തങ്ങള്‍ നില്‍ക്കുന്നത്. അതിന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പിന്തുണ തേടുകയാണ് അദാനി പറഞ്ഞു.
വി.എസ്.അച്യുതാനന്ദന് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ലെന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ അദാനി പറഞ്ഞു. അദ്ദേഹം ചില ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. അത് പരിഹരിക്കും. വല്ലാര്‍പാടം പോലെയല്ല വിഴിഞ്ഞം. പ്രകൃതിദത്തമായ സവിശേഷതകൊണ്ട് വിഴിഞ്ഞത്ത് വലിയ തോതില്‍ ഡ്രഡ്ജിങ് വേണ്ടിവരില്ല. നടത്തിപ്പുെചലവ് കുറവായിരിക്കുമെന്ന് അദ്ദേഹം ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.
Discussion about this post