ബെംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനാന്തര യാത്രക്ക് അനുമതി നൽകി കര്‍ണാടക സർക്കാർ. നാളെ മുതല്‍ മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവര്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ഉളളൂവെന്നും സർക്കാർ പറഞ്ഞു.
കര്‍ണാടകത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് ആശ്വാസകരമാണ്. ഇന്നലെ 11 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ 13 പേര് രോഗമുക്തരായി.
അതേസമയം കലബുറഗിയില്‍ കേസുകള്‍ കൂടുന്നത് ആശങ്കാജനകമാണ്. അതിനിടെ കൊറോണ ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി ഇടപഴകിയ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, സാംസ്കാരിക മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ കര്‍ണാടകത്തില്‍ നിരീക്ഷണത്തിലാണ്.
കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ടുനല്‍കും. നാലുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയും, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 500 രൂപയും പിഴ ഈടാക്കിയാകും വാഹനങ്ങള്‍ വിട്ടു നല്‍കുകയെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post