ലഡാക്ക്: അയല്‍ക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്ന് അമേരിക്ക. ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ലഡാക്ക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കന്‍ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്.
ചുഷൂല്‍ കുന്നിന്‍പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ശത്രുനീക്കങ്ങളറിയാന്‍ ഉതകുന്ന ചുഷൂല്‍ കുന്നിന്‍പ്രദേശത്ത് 1962ലെ യുദ്ധകാലം മുതല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. പട്രോളിംഗ് ശക്തിപ്പെടുത്തി കുന്നിന്മുകളില് സ്ഥാനംപിടിച്ചിരുന്ന ഇന്ത്യന്‍ സേനയ്ക്ക് ചൈനീസ് സേനയെ ചെറുക്കാന്‍ കഴിഞ്ഞു.ഇതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.
തത്സ്ഥിതി തകര്‍ക്കാന്‍ ചൈന ശ്രമിച്ചെന്ന് ഇന്ത്യന്‍ കരസേന പ്രസ്താവനയിറക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഒഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ യോഗം അജിത് ഡോവലിനെ ചുമതലപ്പെടുത്തി. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ചുഷൂലില്‍ സൈനിക ഓഫീസര്‍മാര്‍ ചര്‍ച്ച തുടങ്ങി.
Discussion about this post