മോസ്കോ : രണ്ടു മണിക്കൂർ നേരത്തെ ഇന്ത്യ-ചൈന അനുരഞ്ജന ചർച്ചകൾക്ക് ഫലംകണ്ടു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ മോസ്കോയിൽ നടന്ന അനുരഞ്ജന ചർച്ചയിൽ, അനുരഞ്ജന നടപടികൾക്ക് തയ്യാറാണെന്ന് ചൈന അറിയിച്ചു.
സംഘർഷ ബാധിതമായ യഥാർത്ഥ നിയന്ത്രണരേഖയിലെ പാൻഗോങ് പ്രദേശത്തുനിന്നും ഗ്രൂപ്പുകളെ പിൻവലിക്കുമെന്നും, വിന്യസിച്ചിരുന്ന ആയുധങ്ങൾ തിരിച്ചു കൊണ്ടു പോകുമെന്നും ചൈന വ്യക്തമാക്കി. ഇരുരാജ്യങ്ങളും ചേർന്നുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.” സമാധാനം പുനഃസ്ഥാപിക്കാനുള്ള അനുരഞ്ജന നടപടികൾക്ക് ഞങ്ങൾ തയ്യാറാണ്.ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ പുതിയ പ്രശ്നങ്ങൾ രൂപപ്പെടാതെ നോക്കുകയെന്നതാണ്. അതിർത്തിയിൽ നിന്നും സൈന്യത്തെയും ആയുധങ്ങളെയും പിൻവലിക്കുന്നതിന് ചൈന തയ്യാറാണ്” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മാധ്യമങ്ങളോട് വ്യക്തമാക്കി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവുമായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന പ്രകോപനങ്ങളും അതിർത്തി ലംഘനങ്ങളും ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത സമ്മേളനത്തോടെ അവസാനിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രതീക്ഷിച്ചിരുന്നു.യഥാർത്ഥ നിയന്ത്രണരേഖയിൽ, ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ മുഖാമുഖം നിൽക്കുന്ന അവസ്ഥ ഇതോടുകൂടി ശമനമുണ്ടാകുമെന്നാണ് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കുന്നത്.
Discussion about this post