കൊച്ചി : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊല്ലം ജില്ലയിൽ റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം.ലക്ഷ്മി പ്രമോദിന് ജാമ്യമനുവദിച്ചത് കൊല്ലം സെഷൻസ് കോടതിയാണ്.
ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്. റിമാൻഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ. റംസിയുടെ ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, സീരിയലിന്റെ ഷൂട്ടിംഗ് ഉള്ളതിനാൽ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉന്നതബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയേയും പ്രതി ചേർക്കപ്പെട്ടവരെയും രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കേസ് പത്തനംതിട്ട എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു.
Discussion about this post