കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വച്ചാണ് മൊഴിയെടുക്കുന്നത്. കെ.എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്നുള്ള പരാതിയുടെ ഭാഗമായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജിക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനിടെയാണ് എം.കെ മുനീര്‍ എം.എല്‍.എക്ക് എതിരെയും പരാതി ഉയര്‍ന്നത്. കെ.എം ഷാജി എം.എല്‍.എയുടെ വിവാദ ഭൂമി ഇടപാടില്‍ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി.
ഐ.എന്‍.എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നെന്ന് പരാതിയില്‍ പറയുന്നു.
സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു. രജിസ്ട്രേഷന് ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post