കോട്ടയം: കാര്‍ഷിക നിയമത്തെപ്പറ്റി പറയാനോ പ്രമേയം അവതരിപ്പിക്കാനോ എല്‍ഡിഎഫിനോ യുഡിഎഫിനോ യാതൊരു അര്‍ഹതയുമില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ കൃഷി നശിപ്പിച്ചത് മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികളുടെ തെറ്റായ നയമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ.വി. നാരായണന് നയിക്കുന്ന കിസാന്‍ സന്ദേശയാത്ര വൈക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയില്‍ നടക്കുന്നത് കപടകര്‍ഷക സമരമാണ്. പുതിയ നിയമം കാര്‍ഷികരംഗത്തെ ആധുനികവല്‍ക്കരിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വില കിട്ടും. സിഎഎ സമരം പോലെ ഈ ഇടനിലക്കാരുടെ സമരം പൊളിഞ്ഞ് പിരിഞ്ഞുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ട് നായനാര്‍ കശുവണ്ടി സംഭരണം നടത്തിയപ്പോള്‍ കണ്ണൂരിലെ സഖാക്കള്‍ തലച്ചുമടായി കര്‍ണാടകത്തില്‍ അണ്ടി വില്ക്കാന് പോയത് ഓര്‍ത്താല്‍ മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമത്തില്‍ പറയുന്ന ഓപ്പണ്‍ മാര്‍ക്കറ്റിന്റെ കാര്യം പിടി കിട്ടും. കാര്‍ഷികരംഗം രക്ഷപ്പെടാന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കണം. അതിന് ആധുനികവല്‍ക്കരണം അത്യാവശ്യമാണ്. അതിന് സര്‍ക്കാര്‍ നിക്ഷേപത്തോടൊപ്പം സ്വകാര്യനിക്ഷേപവും കൂടി വേണം. പുതിയ നയം അത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനെ കുത്തകവല്‍ക്കരണം എന്ന് വിളിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രേതബാധ പിടിപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post