കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി റദ്ദാക്കിയതോടെ ആശങ്കയില്‍ സര്‍ക്കാര്‍. കേസ് എടുത്ത പൊലീസുകാര്‍ക്കെതിരെ ബദല്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസില്‍ ഇടപെട്ട പൊലീസ് അസോസിയേഷന് നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബര്‍ സെല്‍ എസ്പി, ചില ജയില്‍ ഉദ്യോഗസ്ഥര്‍, ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഇഡി കേസെടുക്കുമോ എന്ന ആശങ്ക പൊലീസിലെ ഉന്നതര്‍ക്കുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസെടുത്തത്.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായര്‍ ജയിലില്‍നിന്ന് കത്തെഴുതിയിരുന്നു. ഇതിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തത്.
ഹര്‍ജിയില്‍ വാദം കേട്ടത് ജസ്റ്റിസ് വി.ജി.അരുണാണ്. സ്വപ്നയുടെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണവും തുടര്‍ന്ന് എടുത്ത കേസിനുമെതിരെയാണ് ഇ.ഡി ഹര്‍ജി നല്‍കിയത്. ഒരു ഏജന്‍സിയുടെ കണ്ടെത്തലിനെതിരെ മറ്റൊരു ഏജന്‍സി കേസെടുക്കുന്നത് ചട്ടവിരുദ്ധമാണ്. ക്രൈംബ്രാഞ്ച് കേസെടുത്തത് ദുരുദ്ദേശപരമാണ് എന്നിവയാണ് ഇ.ഡി കോടതിക്ക് മുന്‍പാകെ ഉന്നയിച്ചത്.
ഉന്നതരിലേയ്ക്ക് ഇ.ഡി.യുടെ അന്വേഷണം എത്തുന്നത് തടയാനാണ് സംസ്ഥാന സര്‍ക്കാറിനായി ക്രൈംബ്രാഞ്ച് വഴിവിട്ട് കേസെടുക്കുന്നത്. ഇഡിയ്ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണ് ക്രൈംബ്രാഞ്ചെന്നും ഇ.ഡി.വാദിച്ചു. ക്രൈംബ്രാഞ്ച് ഇഡിക്കെ തിരെ കള്ളക്കഥകള്‍ മെനയുകയാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് നായര്‍ മുന്‍പ് എവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി.
എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ഉന്നതരുടെ പ്രേരണയെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചു.
Discussion about this post