കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് സര്‍ക്കാര്‍ 1945ല്‍ മാത്രമല്ല, 1942ലും സന്ദേശം അയച്ചിരുന്നുവെന്ന് ഇതു സംബന്ധിച്ച് ഈയിടെ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടിഷുകാരില്‍ നിന്ന് 1940ല്‍ രക്ഷപ്പെട്ട സുഭാഷ് ചന്ദ്രബോസ് തന്റെ വാസസ്ഥലം പുറംലോകത്തെ അറിയിച്ചില്ല. 1941ല്‍ അദ്ദേഹം ജര്‍മനിയിലെത്തി. 1942 മാര്‍ച്ച് 30നു വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടെന്ന് ബ്രിട്ടിഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കുകയായിരുന്നു.
അഡോള്‍ഫ് ഹിറ്റ്ലര്‍ നല്കിയ ജര്‍മന്‍ മുങ്ങിക്കപ്പലുമായി ജര്‍മനിയില്‍ നിന്നു മഡഗാസ്കറിലേക്കു പോയ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചു വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് 1942ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചതായി സന്ദേശമയച്ചത്. ബ്രിട്ടിഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടാണ് ഈ സന്ദേശത്തിനു പിന്നില്‍.നേതാജി വിമാനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡാര്‍ഡ് ദിനപത്രം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചെന്നതും പുറത്തുവിട്ട രേഖകളിലുണ്ട്.
Discussion about this post