ബംഗലൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് കർണാടക ഹൈക്കോടതി. അപകടത്തിനിരയായ ബസവരാജു എന്ന യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) 50,000 രൂപയായിരുന്നു യുവാവിന് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാൽ, താൻ നേരിട്ട അപകടത്തിന്റെ ആഘാതവുമായി താരതമ്യം ചെയ്യുേമ്പാൾ ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടികാട്ടി യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം പരിഗണിച്ച ഹൈക്കോടതി തുക 10 ലക്ഷം രൂപയായി വർധിപ്പിക്കുകയും മൊത്തം 17.66 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു.
2011ലാണ് ബസവരാജുവിന്റെ ജീവിതഗതിയെ സാരമായി ബാധിച്ച അപകടം നടന്നത്. യുവാവ് റോഡിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേറ്റു.
11.75 ലക്ഷം രൂപയായിരുന്നു ബസവരാജു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പരിതാപകരമായ അവസ്ഥ പരിഗണിച്ച് കോടതി കൂടുതൽ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. കേസിന്റെ എല്ലാ വശങ്ങളും കോടതി സൂക്ഷ്മമായി പരിഗണിച്ചു.
അപകടം കാരണം യുവാവിന് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനുള്ള സാധ്യതയാണ് ഇല്ലാതായത്. നഷ്ടപരിഹാരമായി പണം നൽകിയത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ ജീവിതത്തിൽ നേരിട്ട ഈ ആഘാതം ഒരിക്കലും നികത്താനാവില്ല. ഭാവിയിലെ അദ്ദേഹത്തിന്റെ വേദനയും കഷ്ടപ്പാടും നികത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post