ഡൽഹി: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗക്ക് കരുത്ത് പകരാൻ വ്യോമസേനക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നാല് കേന്ദ്ര മന്ത്രിമാർ നിലവിൽ ഉക്രെയ്ൻ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള ഏഴാമത്തെ വിമാനവും ഇന്ത്യയിലെത്തി. 182 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള വിമാനമാണ് മുംബൈയില്‍ ഇറങ്ങിയത്. കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഇവരെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഉക്രൈനില്‍ കുടുങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇന്ത്യ സഹായിക്കുമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓപ്പറേഷന് ഗംഗ ഏകോപിപ്പിക്കാന്‍ ചുമതപ്പെടുത്തിയ നാല് കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ആളുകള്‍ നേരിട്ട് അതിര്‍ത്തിയില്‍ എത്തരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആറ് വിമാനങ്ങളിലായി 132 മലയാളികളടക്കം 1396 പേരാണ് ഇതിനോടകം ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
Discussion about this post