ന്യൂഡൽഹി: രാജ്യത്ത് ഫാസ്ടാഗുകൾ കൊണ്ട് വലിയ വിപ്ലവമാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി. മുൻപ് ഒരു മണിക്കൂറിൽ 112 വാഹനങ്ങൾ മാത്രമായിരുന്നു ടോൾ ഗേറ്റ് വഴി കടന്നുപോയിരുന്നത്. എന്നാൽ ഫാസ്ടാഗുകൾ വന്നതോടെ 260 വാഹനങ്ങൾ വരെ ഒരു മണിക്കൂറിൽ കടന്നുപോകുന്നുണ്ട്. 47 സെക്കൻഡുകൾക്കുള്ളിൽ ഒരു വാഹനത്തിന് ടോൾ ഗേറ്റ് കടക്കാനാകും. സർക്കാരിന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു ഗഡ്ക്കരിയുടെ വാക്കുകൾ.
ടോൾ ഗേറ്റുകളിലെ നികുതി പിരിവിന്റെ 97 ശതമാനവും ഫാസ്ടാഗ് ഉപയോഗിച്ചാണ് ഇപ്പോൾ നടക്കുന്നത്. 40,000 കോടി രൂപയോളമാണ് ലഭിക്കുന്നത്. ബാക്കി മൂന്ന് ശതമാനം ഫാസ്ടാഗ് ഇല്ലാത്തതിനാൽ ഉയർന്ന നിരക്ക് കൊടുത്താണ് യാത്ര ചെയ്യുന്നതെന്നും ഗഡ്ക്കരി പറഞ്ഞു. എഫ്ഐസിസിഐ സംഘടിപ്പിച്ച റോഡ്സ് ആൻഡ് ഹൈവേസ് ഉച്ചകോടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിച്ച നിർണായകമായ സംവിധാനമായിരുന്നു ഫാസ് ടാഗുകൾ. എന്നാൽ ചില ടോൾ പ്ലാസകളിൽ ഇനിയും പ്രശ്നം പരിഹരിക്കാനുണ്ട്. അക്കൗണ്ടിൽ വേണ്ടത്ര ബാലൻസ് ഇല്ലാതെ വരുന്നതുപോലുളള പ്രശ്നങ്ങൾ ടോൾ പ്ലാസകളിലെ നടപടികളുടെ വേഗം കുറയ്ക്കാറുണ്ടെന്ന് ഗഡ്ക്കരി ചൂണ്ടിക്കാട്ടി. ഉൾപ്രദേശങ്ങളിലെ ടോൾ പ്ലാസകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ നേരിടുന്ന പ്രശ്നങ്ങളും ഒരു വെല്ലുവിളിയാണെന്ന് ഗഡ്ക്കരി പറഞ്ഞു.
നിലവിൽ ടോൾ പ്ലാസകളിൽ ടോൾ അടയ്ക്കാതെ പോകുന്ന വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം ലംഘനങ്ങൾ നിയമത്തിന് കീഴിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഗഡ്ക്കരി ചൂണ്ടിക്കാട്ടി.
Discussion about this post