തിരുവനന്തപുരം; ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് കേരള സര്‍വകലാശാല വി.സിയായിരുന്ന വി.പി.മഹാദേവന് പിള്ള മറുപടി നല്കി. വി.സിയാകാന്‍ മതിയായ യോഗ്യതകളുണ്ടെന്ന് മഹാദേവന്‍പിള്ള മറുപടിയില്‍ പറഞ്ഞു. ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞമാസം 24 നാണ് മഹാദേവന്‍പിള്ള വിരമിച്ചത്.
നിയമപരമായി മറുപടി നൽകണമെന്നുള്ളത് കൊണ്ടാണ് വിരമിച്ചതിന് ശേഷവും മഹാദേവൻ പിള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരിക്കുന്നത്. അത്തരത്തിലാണ് അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. വിസിയാകാൻ തനിക്ക് യോഗ്യതയുണ്ടെന്നാണ് മഹാദേവൻ പിള്ള ഗവർണ്ണർക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. ചട്ടപ്രകാരമാണ് ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നതെന്നും അദ്ദേഹം മറുപടിയിൽ പറയുന്നു.
സംസ്ഥാനത്തെ പതിനൊന്ന് വൈസ് ചാൻസലർമാർക്കാണ് രാജിവെയ്ക്കാൻ ഗവർണ്ണർ നിർദ്ദേശം നൽകിയിരിക്കുന്നത്. അതല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകണം. ഗവണറുടെ നിർദേശം അവഗണിച്ച വിസിമാരോട് പുറത്താക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കേരള വിസിയുടെ വിശദീകരണം. പദവി ഒഴിയണമെന്ന നിർദേശം അവഗണിച്ച വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുമെന്ന് ഗവണർ അറിയിച്ചു. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post