കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ കഴിഞ്ഞ മാസം പിരിച്ചുവിട്ടവരില്‍ നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ പരിപാടിയായ ‘Indian Matchmaking’-ല്‍ പങ്കെടുത്ത സുരഭി ഗുപ്തയും. ഇന്ത്യക്കാരിയായ സുരഭി 2009 മുതല്‍ മെറ്റയില്‍ പ്രൊഡക്ഡ് മാനേജറാണ്.
മികച്ച രീതിയില്‍ ജോലി ചെയ്ത് വരികയായിരുന്നതിനാല്‍ പിരിച്ചുവിടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുരഭി ബിബിസിയോട് പറഞ്ഞു. ഒരു ദിവസം രാവിലെ ആറ് മണിക്കാണ് തനിക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഇ-മെയിലായി വന്നതെന്നും അന്നുമുതല്‍ കംപ്യൂട്ടറോ ഓഫീസ് ജിമ്മോ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലൈന്നും താന്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും സുരഭി പറയുന്നു.
2018ല്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ ‘മിസ് ഭാരത്- കാലിഫോര്‍ണിയ’ ആയ വ്യക്തിയാണ് സുരഭി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇവര്‍ അമേരിക്കയിലാണ്. ജോലിസ്ഥലവും ഇമെയിലും ലാപ്ടോപ്പും ഉള്‍പ്പടെ ഒന്നൊന്നായി നഷ്ടപ്പെടുന്ന അവസ്ഥയില്‍ ടൈറ്റാനിക് മുങ്ങുന്ന അവസ്ഥയിലാണ് താനിപ്പോള്‍ എന്ന് സുരഭി പറയുന്നു.
എച്ച്-1ബി വിസയില്‍ ആയതിനാല്‍ നിയമപ്രകാരം മെറ്റയില്‍ നിന്ന് ഇറങ്ങി 60 ദിവസം കൂടിയേ സുരഭിക്ക് അമേരിക്കയില്‍ തുടരാന്‍ സാധിക്കുകയുള്ളു. അവധിക്കാലമായതില്‍ മിക്ക കമ്പനികളും നിയമനങ്ങള്‍ മന്ദഗതിയിലാക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ പുതിയൊരു ജോലി കണ്ടെത്തുകയെന്നത് എളുപ്പമായിരിക്കില്ലെന്നും സുരഭി പറയുന്നു. കഴിഞ്ഞ മാസം 11,000 ഉദ്യോഗസ്ഥരെയാണ് മെറ്റ പിരിച്ചുവിട്ടത്. കമ്പനിയുടെ മൊത്തം ഉദ്യോഗസ്ഥരുടെ ഏതാണ്ട് 13 ശതമാനം വരുമിത്. ട്വിറ്റര്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഒരാഴ്ച കഴിഞ്ഞാണ് മെറ്റയും കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത്.
Discussion about this post