ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ വിവാദ തീരുമാനത്തിന്റെ പേരിൽ മലയാളി അമ്പയർ അനന്തപത്മനാഭനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ പുറത്തായത് മൂന്നാം അമ്പയറായ അനന്തപത്മനാഭന്റെ തെറ്റായ തീരുമാനത്തിലൂടെയായിരുന്നു എന്നാണ് ആരോപണം.
ഡാരിൽ മിച്ചലിന്റെ പന്തിൽ പാണ്ഡ്യ ബൗൾഡായോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതിരുന്നതിനാൽ ഫീൽഡ് അമ്പയർമാർ മൂന്നാം അമ്പയറായ അനതപത്മനാഭന്റെ സഹായം തേടി. അനന്തപത്മനാഭൻ അത് ഔട്ട് വിധിച്ചു. എന്നാൽ, പന്ത് ബെയ്ൽസിൽ കൊള്ളുക പോലും ചെയ്യാതെ ന്യൂസിലൻഡ് ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ ടോം ലാഥമിന്റെ ഗ്ലൗസിൽ എത്തുകയായിരുന്നു എന്നാണ് ആരാധകരുടെ വാദം. പന്തല്ലെന്നും, ലാഥമിന്റെ ഗ്ലൗസാണ് സ്റ്റമ്പിൽ കൊണ്ടതെന്നും ആരാധകർ വാദിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മോശം അമ്പയറിംഗ് എന്നാണ് അനതപത്മനാഭന്റെ തീരുമാനത്തെ വിമർശകർ വിശേഷിപ്പിക്കുന്നത്.
എന്നാൽ, ഒരു തീരുമാനത്തിന്റെ പേരിൽ അനന്തനെ പോലൊരു മികച്ച റെക്കോർഡ് ഉള്ള അമ്പയറെ ക്രൂശിക്കരുത് എന്നാണ് മറുവാദം ഉയരുന്നത്. പന്താണോ ലാഥമിന്റെ ഗ്ലൗ ആണോ സ്റ്റമ്പിൽ കൊണ്ടത് എന്ന് വീഡിയോ റീപ്ലേകളിൽ നിന്നും കൃത്യമായി മനസിലാക്കാൻ സാധിക്കില്ല. ഇവിടെ സംശയത്തിന്റെ ആനുകൂല്യം അനതപത്മനാഭൻ ബൗളർക്ക് നൽകുകയായിരുന്നു എന്നാണ് മറുപക്ഷത്തിന്റെ വാദം. വിഖ്യാത അമ്പയർ സ്റ്റീവ് ബക്ക്നർ ഇന്ത്യക്കെതിരെ എടുത്ത മിക്ക തീരുമാനങ്ങളെയും ചൂണ്ടിക്കാട്ടിയാണ്, അനന്തനെതിരായ ‘ചരിത്രത്തിലെ ഏറ്റവും മോശം അമ്പയറിംഗ്‘ എന്ന ആരോപണത്തെ ഇവർ പ്രതിരോധിക്കുന്നത്.
Discussion about this post