ന്യൂഡൽഹി: അന്തരിച്ച മുൻ പാകിസ്തൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ യഥാർത്ഥ നിറമാണ് ഇതിലൂടെ തുറന്ന് കാട്ടപ്പെട്ടതെന്ന് ബിജെപി വ്യക്തമാക്കി. താലിബാനേയും ഒസാമയേയും സഹോദരന്മാരായും വീരന്മാരായും കണക്കാക്കിയ, കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ, ഏകാധിപതിയായിരുന്നു പർവേസ് മുഷറഫ് എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
” പർവേസ് മുഷറഫ് ഒരിക്കൽ രാഹുൽ ഗാന്ധിയെ ഒരു മാന്യനാണെന്നാണ് വാഴ്ത്തിയത്. അതുകൊണ്ട് തന്നെ മുഷറഫ് കോൺഗ്രസിന് പ്രിയങ്കരനായിരിക്കുമെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു. ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയും ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കാർഗിലിൽ നമ്മുടെ രാജ്യത്തെ ആക്രമിച്ച വ്യക്തിയെ ആണ് കോൺഗ്രസ് അഭിനന്ദിക്കുന്നത്. മുഷറഫിനെയല്ല, രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ ക്യാപ്റ്റൻ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് പാണ്ഡെ, ഗ്രാൻ യോഗേന്ദ്ര യാദവ്, റൈഫിൾമാൻ സഞ്ജയ് കുമാർ എന്നിവരെ ബഹുമാനിക്കാൻ പഠിക്കണമെന്നും ഗൗരവ് ഭാട്ടിയ പറയുന്നു.
രാഹുൽ തന്റെ മകനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നുവെന്ന് മുഷറഫ് പറയുന്ന മറ്റൊരു വീഡിയോയും ബിജെപി നേതാക്കൾ പുറത്ത് വിട്ടിട്ടുണ്ട്. മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് ഡൽഹിയിലെത്തിയപ്പോൾ ഭാര്യയേയും സഹോദരനേയും മകനേയും ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചിരുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്.
Discussion about this post