കൊച്ചി:മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി താരം തൻ്റെ ഫേസ്ബുക്ക് പോസ്റ് വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു. ചിത്രത്തിൽ ഗന്ധർവ്വനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മലയാള ചലച്ചിത്ര ലോകത്ത് ” ഗന്ധർവ്വ ജൂനിയർ” എന്ന പേര് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അത്രയധികം ഈ ചിത്രത്തിന്റെ പേര് ശ്രദ്ധിക്കപ്പെടാൻ ഉണ്ടായ കാരണമെന്നത് വർഷങ്ങൾക്ക് മുൻപ് ഗന്ധർവ്വനെ കേന്ദ്ര കഥാപാത്രമാക്കി പത്മരാജൻ ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ ചിത്രമായ ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രമാണ്. വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഒരു ഗന്ധർവ്വനെ പ്രധാന കഥാപാത്രമാക്കുന്ന ചിത്രമെന്ന പ്രതേകതയാണ് ഗന്ധർവ്വ ജൂനിയർ ശ്രദ്ധിക്കപ്പെടാൻ കാരണം
ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഫാൻ മെയ്ഡ് പോസ്റ്ററിന് താഴെ വന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് താരം നൽകിയ ഉത്തരമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘എഡിറ്റ് ചെയ്ത ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു , പക്ഷേ എന്റെ ഗന്ധർവ്വൻ വ്യത്യസ്തനാണ് ഉറപ്പായും നിങ്ങളത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!! നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ് ബുക്കിൽ പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്റിന് താഴെ പത്മരാജൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ‘ഈ ക്ലാസ്സിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധർവ്വൻ പോകുമോ’ എന്ന ചോദ്യവുമായി മറ്റൊരു പ്രേക്ഷകനും എത്തി
‘അറിയില്ല ബ്രോ. എന്നാൽ എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം വളരെയധികം ഇഷ്ടപ്പെടും. അതിനാണ് ഞാൻ ശ്രമിക്കുന്നത്!’ എന്നായിരുന്നു താരം നൽകിയ ഉത്തരം.,’പത്മരാജൻ സാറിന്റെ ഗന്ധർവ്വൻ ഓർമ്മ വന്നു ഈ പിക് കണ്ടപ്പോൾ’ തുടങ്ങി നിരവധി കമൻറുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതോടെ, താരത്തിന്റെ പോസ്റ്റിന് താഴെ പത്മരാജൻ ചിത്രത്തെപ്പറ്റിയും ഗന്ധര്‍വ്വ ജൂനിയറിനെപ്പറ്റിയും ചർച്ചകൾ ആരംഭിച്ചു
40കോടി രൂപ ബജറ്റിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ‘ഗന്ധര്‍വ്വ ജൂനിയർ’ സംവിധാനം ചെയ്യുന്നത് സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് ആണ്. വിഷ്ണു സ്വതന്ത്ര സംവിധായകൻ ആവുന്ന ആദ്യ ചിത്രമാണ് ഗന്ധർവ്വ ജൂനിയർ.കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജെ എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
Discussion about this post