മുംബൈ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയത്തുടക്കം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി പുറാത്താകാതെ നിന്ന കെ എൽ രാഹുലും ആദ്യാവസാനം ഉറച്ച പോരാട്ടം കാഴ്ചവെച്ച രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിപ്പോകുമോ എന്ന് തോന്നിക്കുന്ന തരത്തിൽ തകർപ്പൻ തുടക്കമായിരുന്നു ഓസീസിന് വെറ്ററൻ ഓപ്പണർ മിച്ചൽ മാർഷ് സമ്മാനിച്ചത്. ട്രാവിസ് ഹെഡ് ആദ്യമേ മടങ്ങിയെങ്കിലും ക്യാപ്ടൻ സ്മിത്തിനെ കൂട്ടുപിടിച്ച് ഇന്ത്യൻ ബൗളിംഗിനെ കടന്നാക്രമിച്ച മാർഷ് 65 പന്തിൽ 81 റൺസ് അടിച്ചു. സ്മിത്തിനെ ജഡേജ വീഴ്ത്തിയതോടെ, പിന്നീട് ഓസീസ് ബാറ്റിംഗ് നിര അവിശ്വസനീയമായി തകർന്നടിഞ്ഞു. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനകളായി ഷമിയും സിറാജും കളം നിറഞ്ഞതോടെ, ഓസീസ് വെറും 35.4 ഓവറിൽ 188 റൺസിന് പുറത്തായി. ഒരു ഘട്ടത്തിൽ 350ന് മുകളിൽ സ്കോർ നേടും എന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നായിരുന്നു ഓസ്ട്രേലിയയുടെ ഈ വൻ വീഴ്ച. 2 വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയും ബൗളിംഗിൽ തിളങ്ങി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയും തുടക്കത്തിൽ വൻ തകർച്ചയാണ് നേരിട്ടത്. സ്റ്റാർക്കിന്റെയും സ്റ്റോയ്നിസിന്റെയും തകർപ്പൻ പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ മുൻനിര നിലംപരിശായപ്പോൾ, ആതിഥേയർ ഒരു ഘട്ടത്തിൽ 39ന് 4 എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തി. എന്നാൽ ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യയും മദ്ധ്യനിരയിലേക്ക് ഇറങ്ങിയ വിക്കറ്റ് കീപ്പർ കെ എൽ രാഹുലും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും അവസരത്തിനൊത്ത് ഉയർന്നതോടെ, ഓസീസ് ഉയർത്തിയ വിജയലക്ഷ്യം 39.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
മദ്ധ്യനിരയിൽ പരിചസമ്പത്തിന്റെയും ക്ലാസിക് ബാറ്റിംഗിന്റെയും ബലത്തിൽ കോട്ട കാത്ത രാഹുൽ, 75 റൺസുമായി പുറത്താകാതെ നിന്നു. മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേട്ട രാഹുലിന്, വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനത്തിലൂടെ തകർപ്പൻ തിരിച്ചു വരവാണ് ഈ മത്സരത്തിലൂടെ ലഭിച്ചിരിക്കുന്നത്. രാഹുലിന് ഉറച്ച പിന്തുണ നൽകിയ ജഡേജ 45 റൺസുമായി പുറത്താകാതെ നിന്നു. ഹർദ്ദിക് പാണ്ഡ്യ 25 റൺസ് നേടി. ഓസ്ട്രേലിയ ഉയർത്തിയ സമ്മർദ്ദത്തെ അതിജീവിച്ച്, പിരിയാത്ത ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് കൂട്ടിച്ചേർത്ത 108 റൺസ് മത്സരത്തിന്റെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി.
ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റോയ്നിസിന് 2 വിക്കറ്റ് ലഭിച്ചു.
Discussion about this post