ന്യൂഡൽഹി; രാജ്യത്തെ 11 ാമത് വന്ദേ ഭാരത് എക്സ്പ്രസ് സർവ്വീസിന് ഇന്ന് തുടക്കം. ഡൽഹി- ഭോപ്പാൽ വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. ഭോപ്പാലിലെ റാണി കലാപതി റെയിൽവേസ്റ്റേഷനിൽ വച്ചാണ് അഭിമാനനിമിഷത്തിന് തുടക്കമിടുക.
708 കിലോമീറ്റർ വെറും 7.45 മണിക്കൂറിൽ ഓടിയെത്താൻ ഈ ട്രെയിൻ സർവ്വീസിന് കഴിയും. അത്യാധുനിക സൗകര്യങ്ങളാണ് പുതിയ വന്ദേഭാരത് ട്രെയിനിലുള്ളത്. മദ്ധ്യപ്രദേശിലെ നാലാമത്തെ വന്ദേഭാരത് ട്രെയിനാണിതെന്നതാണ് മറ്റൊരു സവിശേഷത.
ഉടൻ തന്നെ ന്യൂഡൽഹി- ജയ്പൂർ മേഖലയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത മാസം മുതൽ ദക്ഷിണ റെയിൽവേയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസും സർവീസ് ആരംഭിക്കുന്നതാണ്.
ഇന്ന് തന്നെ ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ, നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
Discussion about this post