ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണി. നാദിഖ് നഗറിലെ ഇന്ത്യൻ സ്കൂളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഇവിടെ നിന്നും മാറ്റി.
രാവിലെയോടെയായിരുന്നു സ്കൂളിലെ ഇ-മെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടനെ എല്ലാം കത്തി ചാമ്പലാകുമെന്നുമായിരുന്നു ഭീഷണി. ഇത് കണ്ടതോടെ അധികൃതർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വിവരം അറിഞ്ഞ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെട്ട സംഘം എത്തി. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്. സന്ദേശം വ്യാജമാണെന്നാണ് സംശയിക്കുന്നത്. എങ്കിലും കർശന പരിശോധന തുടരുകയാണ്. ഇ- മെയിൽ ലഭിച്ച മേൽവിലാസം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഇതിന് മുൻപ് കഴിഞ്ഞ വർഷം നവംബറിലും സ്കൂളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ പരിസരത്ത് നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post