തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. സമീപകാലത്തൊന്നും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ടത് തന്നെയാണ് വിശദപരിശോധനയ്ക്ക് പോലീസ് തയ്യാറെടുക്കുന്നത്. ഈ ഫോൺ എവിടെ നിന്ന് കിട്ടി, എത്ര കാലമായി ഉപയോഗിക്കുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് പ്രധാനമായും വീട്ടുകാരോട് ചോദിച്ചത്. നാല് വർഷങ്ങൾക്ക് മുൻപ് സഹോദരൻ വാങ്ങി നൽകിയതാണെന്നാണ് വീട്ടുകാർ നൽകിയിരിക്കുന്ന മറുപടി. സഹോദരൻ മാലിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം നാട്ടിൽ വന്ന് പോയത്. പാലക്കാട് നിന്നാണ് ഫോൺ വാങ്ങിയതെന്ന വിവരവും ഇവർ നൽകിയിട്ടുണ്ട്.
ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. ഇത് ഒറിജിനൽ ബാറ്ററിയാണോ എന്നതും പരിശോധിക്കുന്നുണ്ട്. തലയിലേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയിലേറ്റ പരിക്കിനെ തുടർന്ന് തലച്ചോറിൽ പലയിടത്തും ക്ഷതമുണ്ടായി. ഇതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
അപകടത്തിന് കാരണമായ ഫോൺ പൂർണമായും പൊട്ടത്തകർന്നിട്ടില്ല. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണ് അപകടത്തിനിടയാക്കിയ ഫോൺ കണ്ടെത്തിയത്. ബാറ്ററി പൊട്ടിത്തെറിക്കുമ്പോഴുള്ള കെമിക്കൽ ബ്ലാസ്റ്റ് ആണ് സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ഫോൺ ചാർജ് ചെയ്യുമ്പോഴല്ല അപകടമെന്ന് വീട്ടുകാരും പറയുന്നുണ്ട്. ബാറ്ററിക്കകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലായി മാറി ഫോണിന്റെ സ്ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറൻസിക് ഉദ്യോഗസ്ഥരുടെ നിഗമനം.
Discussion about this post