തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ നടത്തിയ കളളപ്രചാരണം പൊളിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ബഹ്റൈൻ യാത്രയ്ക്കായി മന്ത്രി സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുൻപ് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രിയായ വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അവസാന നിമിഷം മാത്രം അപേക്ഷ സമർപ്പിച്ചത് എന്തുകൊണ്ടെന്ന് സജി ചെറിയാൻ വിശദീകരിക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനം യാത്ര പുറപ്പെട്ട ശേഷമാണ് സജി ചെറിയാന് യാത്രാനുമതി നൽകിയതെന്നും അതുകൊണ്ട് അദ്ദേഹത്തിന് ബഹ്റിനിലേക്ക് പോകാനായില്ലെന്നും ആയിരുന്നു യാത്ര മുടങ്ങിയ ശേഷം മാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. സർക്കാരുമായും മന്ത്രിയുമായും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇത്തരത്തിൽ വാർത്ത നൽകിയത്. തുടർന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്.
12 മുതൽ ബഹ്റിനിലും യുഎഇയിലുമായി മന്ത്രിയുടെ യാത്ര ഉണ്ടെന്നാണ് അപേക്ഷയിൽ പറയുന്നത്. അത് ഒരു ദിവസം മുൻപ് മാത്രമാണോ മന്ത്രിയുടെ ഓഫീസ് അറിഞ്ഞതെന്ന് വി. മുരളീധരൻ ചോദിച്ചു. മന്ത്രി യാത്രയ്ക്കായി പെട്ടി തയ്യാറാക്കി വെയ്ക്കുമ്പോഴെങ്കിലും അപേക്ഷ നൽകണ്ടേയെന്ന് വി മുരളീധരൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അബുദബി ഇൻവെസ്റ്റ്മെന്റ് ഫോറം എന്ന് പറയുന്നത് ലോകം മുഴുവൻ ഉളള വിവിധ രാജ്യങ്ങളിൽ നിന്നുളള നിക്ഷേപം അബുദബിയിലെത്തിക്കാൻ വേണ്ടിയുളള സമ്മേളനമാണ്. അവിടെ മുഖ്യമന്ത്രിക്ക് പ്രസംഗിക്കാനോ സംസാരിക്കാനോ എന്തെങ്കിലും റോൾ ഉളളതായി അറിയില്ല. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് ചില സംസ്ഥാനങ്ങളിൽ നിന്നും മുഖ്യമന്ത്രിമാർ ഇതേ രീതിയിൽ അപേക്ഷ നൽകിയിരുന്നു എന്നാൽ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് ക്യൂബയിലേക്ക് പോകാൻ അനുമതി നൽകുമോയെന്ന ചോദ്യത്തിന് അക്കാര്യം പരിശോധിച്ച ശേഷമാകും തീരുമാനിക്കുകയെന്ന് വി. മുരളീധരൻ പറഞ്ഞു. ആ എംബസിയും അവിടുത്തെ സാഹചര്യങ്ങളും അത് കൈകാര്യം ചെയ്യുന്ന വിദേശകാര്യ വകുപ്പിലെ ബന്ധപ്പെട്ട ഡെസ്കും ചേർന്നാണ് അക്കാര്യം തീരുമാനിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
Discussion about this post