തിരൂർ: കോഴിക്കോട് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അട്ടപ്പാടി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ നിന്ന് രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകൾ. ബാഗുകളിൽ ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാ് കിടക്കുന്നത്. രാവിലെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബാഗുകൾ പരിശോധിക്കും.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹോട്ടൽ ജീവനക്കാരനായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന എന്നിവർ ചെന്നൈയിൽ പോലീസ് നിരീക്ഷണത്തിലാണെന്ന് അന്വേഷണസംഘം അറിയിച്ചു. ട്രോളി ബാഗ് കണ്ടെത്തിയ അട്ടപ്പാടി ചുരം ഒൻപതാം വളവിനടുത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
തിരൂർ പോലീസ് എരഞ്ഞിപ്പാലത്തെ ഈ ഹോട്ടലിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം 3 പേർ എത്തി മുറിയെടുത്തെന്നും 2 പേർ മാത്രമാണു തിരികെ പോയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ മാസം 18നാണ് സിദ്ദിഖിനെ കാണാതായത്. 22ാം തിയതിയാണ് സിദ്ദിഖിന്റെ മകൻ പോലീസിൽ പരാതി നൽകിയത്. കാണാതായ ദിവസം മുതൽ സിദ്ദിഖിന്റെ ഫോൺ ഓഫ് ആയിരുന്നു. അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചതായി മകന് സന്ദേശം കിട്ടിയതോടെ സംശയംതോന്നി തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post