ന്യൂഡൽഹി: പുതുതായി പണി കഴിപ്പിച്ച പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂജകൾ പൂർത്തിയായ ശേഷമായിരുന്നു അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ലോക്സഭാ സ്പീക്കർ ഓം ബിർലയും അദ്ദേഹത്തിനൊപ്പം ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്നു.
പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ തൊഴിലാളികൾ ഉൾപ്പെടെ വേദിയിൽ എത്തിയിരുന്നു. ഇവരെ പൊന്നാടിയിട്ട് അനുമോദിച്ച ശേഷമായിരുന്നു അദ്ദേഹം വേദിയിൽ എത്തി ഉദ്ഘാടനം നിർവ്വഹിച്ചത്. നിലവിൽ സർവ്വ ധർമ്മ പ്രാർത്ഥനയും പുരോഗമിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാർ, ലോക്സഭാ എംപിമാർ, മുഖ്യമന്ത്രിമാർ എന്നിവർ പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ട്.
പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്ന ചടങ്ങായിരുന്നു ആദ്യം പൂർത്തിയായത്. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോൽ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചത്. പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ചെറയിന് സമീപമായാണ് ധർമ്മ സ്ഥാപനത്തിന്റെ പ്രതീകമായ ചെങ്കോലിന്റെ സ്ഥാനം. സന്യാസിവര്യരുടെ ആശീർവാദത്തോട് കൂടിയായിരുന്നു അദ്ദേഹം ചെങ്കോൽ സ്ഥാപിച്ചത്.
ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രിയും സ്പീക്കറും പാർലമെന്റ് മന്ദിരത്തിൽ എത്തിയത്. ഇതിന് തൊട്ട് പിന്നാലെ പൂജാ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ പര്യവസാനിക്കുക.
Discussion about this post