2023 ആഗസ്റ്റ് 13 ശ്രീദേവിയുടെ 60-ാം ജന്മദിനമാണ്. വിട വാങ്ങി അഞ്ച് വർഷത്തിന് ശേഷവും ഇന്നും ആരാധകർക്കുള്ളിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നുണ്ട് ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി. ജന്മദിനം പ്രമാണിച്ച് ഇന്ന് ഗൂഗിളും ശ്രീദേവിയെ ഓർക്കുകയാണ്. ശ്രീദേവിയുടെ ഒരു അതിമനോഹരമായ ചിത്രമാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരി ഭൂമിക മുഖർജി ആണ് ശ്രീദേവിയുടെ ഈ മനോഹര ഡൂഡിൽ ചിത്രീകരിച്ചിട്ടുള്ളത്. നാല് പതിറ്റാണ്ടിനിടെ മുന്നൂറോളം സിനിമകളിൽ അഭിനയിച്ച ശ്രീദേവി പരമ്പരാഗതമായി പുരുഷ മേധാവിത്വമുണ്ടായിരുന്ന സിനിമ വ്യവസായത്തിൽ കരിയറിൽ ഉടനീളം ഒരു ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങി നിന്നിരുന്ന നടിയായിരുന്നു.
1963 ഓഗസ്റ്റ് 13-ന് തമിഴ്നാട്ടിലെ മീനംപട്ടി എന്ന ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ശ്രീദേവിയുടെ ജനനം. ശ്രീ അമ്മ യാംഗേർ അയ്യപ്പൻ എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്. നാല് വയസ്സുള്ളപ്പോഴാണ് കന്തൻ കരുണൈ എന്ന ചിത്രത്തിലൂടെ ബാലതാരമായി ശ്രീദേവിയുടെ സിനിമ പ്രവേശനം. ഒൻപതാം വയസ്സിൽ റാണി മേരാ നാം എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും ശ്രീദേവി അരങ്ങേറ്റം കുറിച്ചു.
ഇന്ത്യൻ സിനിമയിലെ ‘ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയായിരുന്നു ശ്രീദേവി. ദേശീയ ചലച്ചിത്ര അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തി. 2013-ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇന്ത്യ ശ്രീദേവിയെ ആദരിച്ചു. 2018 ഫെബ്രുവരി 24 ന് ആയിരുന്നു ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ജുമൈറ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലെ മുറിയിൽ വെച്ച് മുങ്ങി മരിച്ച നിലയിൽ ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post