സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രമായി സംവിധായകൻ ഫാസിൽ ഉണ്ടായിരുന്നു. ഫദർ നെടുമ്പള്ളി എന്ന വേഷമാണ് ഫാസിൽ ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാനിലും അദ്ദേഹം നെടുമ്പള്ളി അച്ഛന്റെ അതേ വേഷത്തിൽ എത്തുന്നുണ്ട്. ഫാസിലിന്റെ ക്യാരക്ടർ റിവീൽ എംപുരാന്റെ അണിയറ പ്രവർത്തകൾ പുറത്ത് വിട്ടിരുന്നു.
എംപുരാനിൽ റോൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത് ചെയ്യാതിരിക്കാൻ പറ്റുമായിരുന്നില്ലെന്ന് പറയുകയാണ് ഫാസിൽ. ‘ലൂസിഫർ എന്ന ചിത്രത്തിന് ശേഷം, എംപുരാനിൽ തനിക്കൊരു റോൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ, അത് എനിക്ക് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. ലൂസിഫറിൽ തന്നെ പൃഥ്വിരാജ് എന്ന സംവിധായക പ്രതിഭയെ കുറിച്ച് ഞാൻ മനസിലാക്കിയിരുന്നു. ഞാനും ഒരു സംവിധായകനാണല്ലോ.. പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും. 40 ഓളം കഥാപാത്രങ്ങളുള്ള പടമാണ്. ഒരു പ്രത്യേക കഥാപാത്രം ഞാൻ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് വേണ്ടി പൃഥ്വിരാജ് ഏതറ്റംവരെയും പോവും. അതുകൊണ്ട് തന്നെ യാതൊരു തയ്യാറെടുപ്പുകളുമില്ലാതെയാണ് ഞാൻ അവിടെ ചെന്നത്’-‘ ഫാസിൽ പറഞ്ഞു.
മിടുക്കനായ കാസ്റ്റിങ് ഡയറക്ടറാണ് പൃഥ്വിരാജ്. അഭിനയത്തെ കുറിച്ച് വളരെ ആഴത്തിൽ അറിവുള്ളയാളാണ് പൃഥ്വി. ഫാദർ നെടുമ്പള്ളിയുടെ കഥാപാത്രം ചെയ്തു കഴിഞ്ഞ് ഡബ്ബിംഗ് കഴിഞ്ഞപ്പോൾ തനിക്ക് വളരെ സംതൃപ്തി തോന്നി. എംപുരാനിൽ തന്നെ ഫാദർ നെടുമ്പള്ളിയായി തന്നെ തിരഞ്ഞെടുത്തതിൽ പൃഥ്വിരാജിനോട് നന്ദി പറയണമെന്ന് തോന്നി. സിനിമ പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഒരു സംവിധായകനാണ് പൃഥ്വിരാജ് എന്നും ഫാസിൽ കൂട്ടിച്ചേർത്തു.
Discussion about this post