കേൾക്കുന്ന എല്ലാവർക്കും പ്രചോദനം നൽകുന്ന കഥയാണ് നീരജ് ചോപ്രയുടെ ജീവിതം. ഒരു സാധാരണ പച്ചക്കറി കടക്കാരന്റെ മകനായി വളർന്ന നീരജ് ഇന്ന് വർഷംതോറും കോടികളാണ് സമ്പാദിക്കുന്നത്. എന്നാൽ ഇതിനായി അദ്ദേഹം കണ്ടെത്തിയ വഴിയാണ് വിസ്മയിപ്പിക്കുന്നത്. പഴയ മൊബൈൽ ഫോണുകളുടെ വിൽപ്പനയാണ് നീരജ് ചോപ്രയുടെ ജോലി. സോബോക്സ് എന്ന കമ്പനിയിലൂടെ പഴയ മൊബൈൽ ഫോണുകൾ വിൽക്കുന്ന അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ വിറ്റ് വരവ് 50 കോടിയോളം രൂപയാണ്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കുടുംബത്തിൽ നിന്ന് വന്ന നീരജ് ചോപ്ര ഇന്ന് പലർക്കും പ്രചോദനമാകുന്ന ഒരു സംരംഭകനാണ്. അദ്ദേഹത്തിന്റെ സോബോക്സ് എന്ന കമ്പനി മൊബൈൽ ഫോണുകളുടെ വിൽപ്പനയിലൂടെ ശ്രദ്ധ നേടിയ സ്ഥാപനമാണ്. പഴയ ഫോണുകളാണ് കൂടുതൽ വില്പന നടത്തുന്നത് എന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത. ഉപയോഗിച്ച് പഴകിയ ഫോണുകളും റീഫർബിഷ് ചെയ്ത ഫോണുകളും ആണ് ഇവർ വില്പന നടത്തുന്നത്. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെയാണ് പലരും തങ്ങളുടെ പഴയ ഫോണുകൾ അദ്ദേഹത്തിന് കൈമാറുന്നത്. ഇങ്ങനെയുള്ള പഴയ ഫോണുകൾ നീരജിന്റെ കമ്പനി നന്നാക്കി എടുക്കുകയോ റീഫർബിഷ് ചെയ്തെടുക്കുകയോ ചെയ്യുന്നു. പിന്നീട് ഈ ഫോണുകൾ അവർ വാറന്റിയോടെ വിപണിയിൽ വിൽക്കുന്നു.
ഫോണുകളിൽ എന്തെങ്കിലും തകരാർ ഉണ്ടോയെന്ന് പരിശോധിക്കുന്ന സാങ്കേതിക വിദ്യ കമ്പനി സ്വന്തമായി തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നന്നാക്കിയെടുക്കുന്ന ഫോണുകൾക്ക് എത്ര കാലം ആയുസ്സ് ഉണ്ടെന്ന് കണ്ടെത്താനുള്ള സാങ്കേതികവിദ്യയും ഇവർക്കുണ്ട്. ആദ്യം പവർ ബാങ്കുകളുടെ വില്പനയിലൂടെയാണ് സോ ബോക്സ് കമ്പനി രംഗത്ത് എത്തുന്നത്. പിന്നീടാണ് അവർ പഴയ മൊബൈൽ ഫോണുകൾ നന്നാക്കി വിൽപ്പന നടത്തുന്നതിലേക്ക് തിരിഞ്ഞത്. കോവിഡ് കാലത്ത് ബിസിനസ് വലിയ തകർച്ച നേരിട്ടെങ്കിലും ഇപ്പോൾ വീണ്ടും മികച്ച തിരിച്ചുവരവിലാണ് സ്ഥാപനം. കഴിഞ്ഞവർഷം 50 കോടി രൂപയുടെ വിറ്റ് വരവാണ് കമ്പനി നേടിയത്. വ്യത്യസ്തമായ സംരംഭങ്ങളിലൂടെ ജീവിതവിജയം കണ്ടെത്തുന്നതിനുള്ള ഒരു മികച്ച മാതൃകയാണ് നീരജ് ചോപ്ര.
Discussion about this post