അഹമ്മദാബാദ്: അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. പാക് സ്വദേശിയായ മഹ്ബൂബ് അലി ആണ് പിടിയിലായത്. ഇന്നലെയാണ് സംഭവം. ഗുജറാത്തിലെ കച്ച് മേഖലയിൽ രാജ്യാന്തര അതിർത്തിക്ക് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലാകുന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ടതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പക്ഷികളേയും ഞണ്ടുകളേയും പിടിക്കാനാണ് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നതെന്നാണ് മഹ്ബൂബ് അലി ബിഎസ്എഫിനോട് പറഞ്ഞത്. സംഭവസമയം ഇയാളുടെ കയ്യിൽ ഒരു മൂങ്ങയും ഉണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കച്ചിന് സമീപം ഇന്ത്യ-പാക് അതിർത്തി ചാനലായ ഹറാമി നലക്ക് സമീപമാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് ഇവിടെ നിരീക്ഷണ പോസ്റ്റ് ടവർ കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തത്.
ഈ മാസം ആദ്യം അനധികൃതമായി രാജ്യത്ത് പ്രവേശിച്ച പാക് പൗരൻ ഹൈദരാബാദിൽ പിടിയിലായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ കാണാൻ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്ന് ഹൈദരാബാദിൽ എത്തുകയായിരുന്നു. ഖൈബർ പഖ്തുൺഖ്വ സ്വദേശി ഫയാസ് അഹമ്മദാണ് അന്ന് പിടിയിലായത്.
Discussion about this post