ന്യൂഡൽഹി; കാനഡയ്ക്കെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രംഗത്ത്. കാനഡ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടുവെന്ന ഗുരുതര ആരോപണമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചത് ഇടപെടൽ കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്കുള്ള വിസ സർവ്വീസ് തത്ക്കാലം തുടങ്ങാനാകില്ലെന്നും സ്ഥിതി മെച്ചപ്പെട്ടാൽ വിസ സർവ്വീസ് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രതിനിധികൾ തുടർച്ചയായി ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു. അതൃപ്തിയുണ്ടായിട്ടും ഇത്തരം കാര്യങ്ങൾ ഇതുവരെയും പരസ്യമാക്കിയില്ല. കാലക്രമേണ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിംഗ് നിജ്ജാർ അജ്ഞാതരാൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ആരോപണം തള്ളിയെങ്കിലും ജസ്റ്റിൻ ട്രൂഡോ ആരോപണം ആവർത്തിക്കുകയായിരുന്നു.
Discussion about this post