ഗാസ സിറ്റി: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിനിടെ ഗാസയ്ക്ക് മാനുഷിക സഹായം നൽകി ഇന്ത്യ. ഭക്ഷ്യോത്പന്നങ്ങളും മരുന്നും ഉൾപ്പെടെ 6.5 ടണ്ണോളം വരുന്ന വസ്തുക്കളുമായി വ്യോമസേനാ വിമാനം യാത്ര തിരിച്ചു. പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇതിനിടെയാണ് ഗാസയിലെ ജനങ്ങൾക്ക് ഇന്ത്യ ആശ്വാസമാകുന്നത്.
വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമസേന വിമാനമായ സി- 17 വിമാനത്തിലാണ് സഹായങ്ങൾ അയച്ചത്. ഈജിപ്തിലെ എൽ- അരിഷ് വിമാനത്താവളത്തിലാണ് സഹായങ്ങൾ ആദ്യം എത്തുക. ഇവിടെ നിന്നും റോഡ് മാർഗ്ഗം ഗാസയിലെത്തിക്കും.
കഴിഞ്ഞം ദിവസം പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു ഗാസയിലേക്ക് മാനുഷിക സഹായം എത്തിച്ചത്. ഹമാസുമായുള്ള പോരാട്ടം ശക്തമാക്കിയതിന് പിന്നാലെ ഗാസയ്ക്ക് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഉൾപ്പെടെയാണ് ഇസ്രായേൽ നിർത്തിവച്ചത്. ഇതേ തുടർന്ന് ഇവിടെയുള്ളവരുടെ ജീവിതം വലിയ പ്രതിസന്ധിയിലായിരുന്നു. നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം ഇസ്രായേൽ ഗാസയിലേക്ക് മാനുഷിക സഹായം എത്തിച്ചിരുന്നു.
Discussion about this post