തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നരവയസുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ-ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടക്കുമെന്നാണ് വിവരം.
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി.
അന്ന് പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ സമ്മതിച്ചില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
Discussion about this post