ബംഗലൂരു; 2023 ഏകദിന ലോകകപ്പിൽ പാകിസ്താന്റെ നേരിയ പ്രതീക്ഷകൾ അസ്തമിപ്പിച്ച് ന്യൂസിലൻഡ്. ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 160 പന്തുകൾ അവശേഷിക്കെ മിന്നുന്ന വിജയം നേടിയാണ് കിവികൾ പാകിസ്താൻ പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. ഇനി സെമിയിൽ കടക്കണമെങ്കിൽ പാകിസ്താന് വമ്പൻ മാർജിനിൽ ഇംഗ്ലണ്ടുമായി നടക്കുന്ന മത്സരത്തിൽ വിജയിക്കണം.
ന്യൂസിലൻഡിനെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ സ്കോർ 171 റൺസിലൊതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ ഒൻപത് കളികളിൽ നിന്ന് 10 പോയിന്റുമായി ന്യൂസിലൻഡ് അവസാന നാലിൽ ഇടംപിടിച്ചു. പാകിസ്താന് എട്ട് കളികളിൽ നിന്ന് എട്ട് പോയിന്റാണുളളത്.
ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച ഈഡൻ ഗാർഡൻസിലാണ് പാകിസ്താന്റെ അവസാന മത്സരം. ഇനി സെമിയിൽ കയറണമെങ്കിൽ പാകിസ്താന് 287 റൺസിന്റെ മാർജിനിലെങ്കിലും വിജയിക്കണം. രണ്ടാം ബാറ്റിംഗാണെങ്കിൽ ഇംഗ്ലണ്ടിനെ അൻപത് റൺസിന് പുറത്താക്കുകയോ രണ്ട് ഓവറിനുളളിൽ ഈ ലക്ഷ്യം മറികടക്കുകയോ ചെയ്യണം. നിലവിലെ പാക് ടീമിന്റെ നിലവാരത്തിൽ ഇത് അസാദ്ധ്യമെന്നാണ് കളി വിദഗ്ധർ പറയുന്നത്.
എട്ട് കളികളിൽ നിന്ന് 16 പോയിന്റുകളുമായി പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് സെമി ബർത്ത് ഉറപ്പിച്ച മറ്റ് രണ്ട് ടീമുകൾ. ഞായറാഴ്ച നെതർലൻഡ്സുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഫ്ഗാനിസ്താനുമായുളള മത്സരത്തിൽ പരാജയപ്പെട്ടതാണ് പാകിസ്താന് വലിയ വില നൽകേണ്ടി വന്നത്.
Discussion about this post