ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ ശ്രമിക്കേണ്ടെന്നും ഒരു തരത്തിലുള്ള സമ്മർദത്തിനും താൻ വഴങ്ങില്ലെന്നും ഗവർണർ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ഭരണ ഘടനാ പ്രതിസന്ധിയുണ്ടെങ്കിൽ അതിന് തെളിവു കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഭരണഘടനാ വിരുദ്ധമായി എന്താണ് ചെയ്തതെന്ന് സർക്കാർ പറയണമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വലിയ ആഘോഷങ്ങള്‍ നടത്താനും മന്ത്രി മന്ദിരങ്ങളില്‍ നീന്തൽ കുളം പണിയാനും സര്‍ക്കാരിന് കോടികളുണ്ട്. എന്നാല്‍, പെന്‍ഷനും ശമ്പളവും നല്കാന് സര്‍ക്കാരിന് പണമില്ലെന്നും ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്ത് നടക്കുന്നത് ധൂർത്താണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലുകളില്‍ ഗവര്‍ണർ തീരുമാനം വൈകിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജി സമർപ്പിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയായിരുന്നു സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജിയും ഫയല്‍ചെയ്തത്.
Discussion about this post