തൃശൂർ : കുന്നംകുളത്ത് നടക്കുന്ന ഉപജില്ലാ കലോത്സവത്തിനിടയിൽ സംഘർഷം. പോലീസ് ലാത്തി വീശിയതിനെ തുടർന്ന് ആറു വിദ്യാർഥികൾക്ക് പരിക്കേറ്റു. ദഫ്മുട്ട് മത്സരത്തിന്റെ വിധി പ്രഖ്യാപനത്തെ തുടർന്നാണ് തർക്കവും സംഘർഷവും ഉണ്ടായത്.
കേച്ചേരി അൽ അമീൻ സ്കൂളിലാണ് ഉപജില്ലാ കലോത്സവ മത്സരങ്ങൾ നടക്കുന്നതിനിടയിൽ സംഘർഷം ഉണ്ടായത്. ദഫ് മുട്ട് മത്സരത്തിന്റെ വിധി നിർണയത്തെ ചോദ്യം ചെയ്തു കൊണ്ട് ഏതാനും വിദ്യാർത്ഥികൾ സംഘടിച്ച് എത്തുകയായിരുന്നു. ഇത് പിന്നീട് വലിയ തർക്കവും ഉന്തും തള്ളുമായി മാറി.
ചിറമനേങ്ങാട് കോൺകോഡ് സ്കൂളിലെ വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. സ്റ്റേജിൽ കയറിയുള്ള പ്രതിഷേധം കയ്യാങ്കളിയിലേക്കും കസേരകൾ അടക്കം വലിച്ചെറിയുന്നതിലേക്കും നീങ്ങിയതോടെയാണ് പോലീസ് ലാത്തി വീശിയത്. ഇതോടെ ആറോളം വിദ്യാർഥികൾക്ക് പരിക്കുകൾ ഏൽക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കുന്നംകുളം ഉപജില്ലാ കലോത്സവം താൽക്കാലികമായി നിർത്തിവച്ചു.
Discussion about this post