ഇടുക്കി :ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഭിക്ഷാ പാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ ചലച്ചിത്ര താരവും ബിജെപി മുൻ എം പി യുമായ സുരേഷ്ഗോപി. മറിയക്കുട്ടിയുടെ ഇരുനൂറേക്കർ വീട്ടിലാണ് സുരേഷ്ഗോപി എത്തിയത്. മറിയക്കുട്ടിയോടും പ്രതിഷേധത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അന്ന ഔസേപ്പിനോടും സുരേഷ്ഗോപി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
മറിയക്കുട്ടിയ്ക്ക് ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് അദ്ദേഹം ആരാഞ്ഞത്. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന കാശ് എവിടെ പോകുന്നുവെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ്ഗോപിയോട് പറഞ്ഞു.പെട്രോൾ അടിയ്ക്കുമ്പോൾ രണ്ടുരൂപ അധികമായി പിരിയ്ക്കുന്നുണ്ട്.ഇത് പാവങ്ങൾക്ക് പെൻഷൻ നൽകാനുള്ളതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സുരേഷ്ഗോപി മറിയക്കുട്ടിയോട് പറഞ്ഞു.
എനിക്ക് മഞ്ഞ കാർഡ് ഇല്ല. അതെല്ലാം സിപിഎം കാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇതെല്ലം പറയുന്നതെന്നും മറിയക്കുട്ടി പറഞ്ഞു. “സാറിനോട് നന്ദിയുണ്ട്, സാറിനൊത്തിരി ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. അല്ല സാറെ ഞാൻ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കുന്നത് എന്തിനാണ്? ജനങ്ങളാണോ? അതോ അയാളാണോ കുലംകുത്തി? അറസ്റ്റ് ചെയ്താലും ആരാണ് കുലംകുത്തിയെന്ന് ചോദിക്കുമെന്ന് ” മറിയക്കുട്ടി പറഞ്ഞു. തന്റെ വീട്ടിലെത്തിയ സുരേഷ്ഗോപിയോട് നന്ദി അറിയിക്കുന്നതായി മറിയക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിയും പൊളിഞ്ഞപാലം സ്വദേശിനി അന്ന ഔസേപ്പും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷ എടുത്തു പ്രതിഷേധിച്ചത്. മറിയക്കുട്ടിയ്ക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നരയേക്കർ ഭൂമി ഉണ്ടെന്നുമൊക്കെയാണ് സിപിഎം വ്യാജപ്രചരണം നടത്തിയത്.
എന്നാൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് മറിയക്കുട്ടി തെളിയിച്ചു. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനെതിരെ അപകീർത്തികേസ് നൽകുമെന്ന് മറിയക്കുട്ടി പറഞ്ഞു. വ്യാജപ്രചരണത്തിനെതിരെ അടിമാലി കോടതിയെ ഇന്ന് സമീപിക്കുമെന്നും മറിയക്കുട്ടി അറിയിച്ചു.
Discussion about this post