ഒട്ടാവ : കാനഡയിൽ പഞ്ചാബി ഗായകന്റെ വീടിനു നേരെ വെടിവെപ്പ്. കുപ്രസിദ്ധ കുറ്റവാളിയായ ലോറൻസ് ബിഷ്ണോയിയുടെ അനുയായികളാണ് വെടിവെപ്പ് നടത്തിയത്. ബോളിവുഡ് നടൻ സൽമാൻ ഖാനെ കുറിച്ച് പുകഴ്ത്തി സംസാരിച്ചതാണ് പഞ്ചാബി ഗായകന്റെ വീടിന് നേരെ വെടിവെപ്പ് നടത്താൻ കാരണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തു. നേരത്തെ സൽമാൻ ഖാനെതിരെ വധഭീഷണി ഉയർത്തിയിട്ടുള്ള വ്യക്തിയാണ് ലോറൻസ് ബിഷ്ണോയ്. തന്റെ സമുദായത്തിന്റെ ആരാധനാമൃഗമായ കൃഷ്ണ മൃഗത്തെ വെടിവെച്ചുകൊന്ന സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ലോറൻസ് ബിഷ്ണോയ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബി ഗായകൻ ജിപ്പി ഗ്രെവാളിന്റെ കാനഡയിലെ വാൻകൂവറിലുള്ള വീടിന് നേരെയായിരുന്നു വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം സമൂഹമാദ്ധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ജിപ്പി ഗ്രേവാളിന് നൽകിയ മുന്നറിയിപ്പാണ് ഇതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ അടുത്ത അനുയായി ആയിരുന്ന സുഖ്ദുൽ സിങ്ങിനെ ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ക്ലോസ് റേഞ്ചിൽ നിന്നും 9 വട്ടം ആണ് സുഖ്ദുൽ സിങ്ങിന് നേരെ വെടിയുതിർത്തത്. കൊലപാതകത്തിന് ശേഷം ഉടൻതന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു.
Discussion about this post